തലചായ്ക്കാനൊരു കൂരയെന്ന സ്വപ്നത്തിലേക്ക് ഒരു ചുവട്; പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി ഒന്നാം ഗഡു വിതരണം


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയുടെ ഒന്നാം ഗഡു വിതരണം ചെയ്തു. ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, കായണ്ണ, നൊച്ചാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കൾക്കുള്ള ഒന്നാം ഗഡു സംഖ്യയാണ് പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌
എൻ.പി.ബാബു വിതരണം ചെയ്തത്.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് ഒന്നാം ഗഡു വിതരണം ചെയ്തത്. പട്ടികജാതി വിഭാഗത്തിൽ പെട്ട 44 പേർ, ജനറൽ വിഭാഗത്തിൽ 15 പേർ, പട്ടികവർഗത്തിൽ പെട്ട രണ്ട് പേർ, അതിദരിദ്രരായ മൂന്ന് പേർ എന്നിങ്ങനെ 64 ഗുണഭോക്താക്കൾക്കായി 28,70,000 രൂപയാണ് ഒന്നാം ഘട്ടമായി നൽകിയത്.

ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ സി.കെ.പാത്തുമ്മ ടീച്ചർ അധ്യക്ഷയായി. ബ്ലോക്ക്‌ സെക്രട്ടറി പി.കാദർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയർമാൻമാരായ ശശി കുമാർ പേരാമ്പ്ര, കെ.സജീവൻ, ബ്ലോക്ക്‌ അംഗങ്ങളായ പി.ടി.അഷ്‌റഫ്‌, ഗിരിജ ശശി, പ്രഭാശങ്കർ, കെ.അജിത, വഹീദ പാറേമ്മൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ മെമ്പർ സനാതനൻ നന്ദി പറഞ്ഞു.

ചക്കിട്ടപാറ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ ഗുണഭോക്താക്കളുടെ ഗഡു സംഖ്യ രണ്ടാം ഘട്ടത്തിൽ വിതരണം ചെയ്യും.