മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് അപകടം, ഒരു മരണവും: കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണമെന്ന ആവശ്യമുയരുന്നു


ഉള്ള്യേരി: കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണമെന്ന ആവശ്യമുയരുന്നു. ബസുകളുടെ മത്സരയോട്ടമാണ് ഈ മേഖലയിലെ അപകടങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ഇന്നലെ രണ്ട് അപകടങ്ങളാണ് മേഖലയിലുണ്ടായത്. സ്വകാര്യ ബസുകള്‍ ഇടിച്ചാണ് രണ്ട് അപകടങ്ങളും നടന്നത്. ഇതില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.

ഉള്ള്യേരി ടൗണില്‍ രാവിലെയായിരുന്നു ആദ്യ അപകടം. ബസ് അശ്രദ്ധമായി സ്റ്റാന്റിലേക്ക് തിരിച്ചതായിരുന്നു അപകടത്തിന് ഇടയാക്കിയത്. അപകടത്തില്‍ പുളിയഞ്ചേരി സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടം വരുത്തിയത്.

രാത്രി ഏഴരയോടെ ഉള്ള്യേരി ടൗണില്‍ നിന്നും അല്പം അകലെയായായിരുന്നു രണ്ടാമത്തെ അപകടം നടന്നത്. മൊടക്കല്ലൂരില്‍ പഠിക്കുന്ന മകളെയും കൂട്ടി വീട്ടിലേക്ക് പോകുകയായിരുന്ന കല്‍പ്പത്തൂര്‍ സ്വദേശി ബാലകൃഷ്ണന്‍ സഞ്ചരിച്ച ബൈക്കില്‍ ബസ് ഇടിക്കുകയായിരുന്നു. തെരുവത്ത് കടവിനും ഉള്ള്യേരി എ.യു.പി സ്‌കൂളിനും ഇടയിലായിരുന്നു അപകടം നടന്നത്. അപകടത്തില്‍ ബാലകൃഷ്ണന്‍ മരണപ്പെടുകയും മകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് ബസുകളുടെ മത്സരയോട്ടത്തിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പ് പ്രദേശത്ത് കര്‍ശന പരിശോധന നടത്തണമെന്നും അശ്രദ്ധമായി പോകുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Summary: Demand to curb the death patch of buses on Kozhikode Kuttyadi route