നെല്ല്യാടിക്കണ്ടി കോളനി നിവാസികള്‍ക്കുള്ള കുടിവെള്ളപദ്ധതി നിലച്ചിട്ട് മാസങ്ങള്‍; പട്ടികജാതി കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രയോജനം ലഭിക്കുന്ന പദ്ധതി പുനരാരംഭിക്കാന്‍ നടപടിയില്ല


പേരാമ്പ്ര: നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ നെല്ല്യാടിക്കണ്ടി കുടിവെള്ളപദ്ധതി മാസങ്ങളായി പ്രവര്‍ത്തനം നിലച്ചിട്ടും പുനരാരംഭിക്കാന്‍ നടപടിയായില്ലെന്ന് പരാതി. പേരാമ്പ്ര പഞ്ചായത്തിലെ നെല്ല്യാടിക്കണ്ടി കോളനി നിവാസികള്‍ക്കുള്ള കുടിവെള്ളപദ്ധതിയാണ് ആറു മാസത്തിലേറെയായി പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്. കോളനി നിവാസികളായ പട്ടികജാതി കുടുംബങ്ങളില്‍ ഉള്‍പ്പെടെ 40-ഓളം പേരാണ് ഈ പദ്ധതിയെ ആശ്രയിച്ചു കഴിയുന്നത്.

മോട്ടോര്‍ കേടായതുകാരണമാണ് ജലവിതരണം നിലച്ചത്. പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇത് നന്നാക്കിയെങ്കിലും എല്ലായിടത്തും വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടായി. കണികുളങ്ങര ഭാഗത്തേക്ക് പമ്പിങ് നടത്താനായെങ്കിലും പുറ്റംപൊയില്‍ ഭാഗത്ത് വെള്ളം ലഭിച്ചില്ല.

ഇനി പൈപ്പുകള്‍ മാറ്റിയാല്‍ മാത്രമേ സുഗമമായി ജലവിതരണം നടത്താനാകൂ. കഴിഞ്ഞ ഭരണസിമിതി യോഗത്തില്‍ ഇക്കാര്യം അജണ്ടയായി ചര്‍ച്ചചെയ്തിരുന്നു. 2023-24 വര്‍ഷത്തെ പദ്ധതിയില്‍ ഫണ്ട് വകയിരുത്തി പ്രവൃത്തി നടത്താനാണ് തീരുമാനിച്ചത്. പാണ്ടിക്കോടാണ് പദ്ധതിയുടെ പമ്പ്ഹൗസ് സ്ഥിതിചെയ്യുന്നത്. പുറ്റംപൊയില്‍ വൃന്ദാവന്‍ എ.യു.പി. സ്‌കൂളിനു സമീപമാണ് പദ്ധതിക്കായി ടാങ്ക് നിര്‍മിച്ചത്.

മഴക്കാലം കഴിഞ്ഞതോടെ പ്രദേശത്തെ ജനങ്ങള്‍ കടുത്ത ജലക്ഷാമം നേരിടുകയാണെന്നും കുടിവെള്ളം വിതരണം ചെയ്യാന്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും എന്‍.സി.പി. പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരരംഗത്തിറങ്ങാനും തീരുമാനിച്ചു.

യോഗം സംസ്ഥാനസെക്രട്ടറി പി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബാബു കൈതാവില്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് സഫ മജീദ്, പ്രദീഷ് നടുക്കണ്ടി, മോഹനന്‍ എരവട്ടൂര്‍, എന്‍.കെ. സുരേഷ്, നടുക്കണ്ടി രാജന്‍ എന്നിവര്‍ സംസാരിച്ചു.