ജില്ലയിൽ വ്യാപക ലഹരിവേട്ട, എംഡിഎംഎയും കഞ്ചാവും 35 ലിറ്റർ മദ്യവും പിടിച്ചെടുത്തു; ബാലുശ്ശേരി സ്വദേശി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ


കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വലവിരിച്ച് എക്‌സൈസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ലഹരി കടത്തിയ മൂന്നു പേരെയാണ് പിടികൂടിയത്. മൂന്ന് കേസുകളിലായി എംഡിഎംഎ മയക്കുമരുന്നും കഞ്ചാവും അനധികൃതമായി കടത്തിയ മദ്യവും ആണ് പിടികൂടിയത്.

കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയുമായി ചേര്‍ന്ന് രാത്രിയില്‍ നടത്തിയ റെയ്ഡിലാണ് 35 ലിറ്റര്‍ മദ്യം കാറില്‍ കടത്തവെ ബാലുശ്ശേരി കണ്ണാടിപൊയില്‍ സ്വദേശി സുബീഷ് (36) വയസ്സ് എന്നയാളെ എക്സൈസ് പൊക്കിയത്. ബീച്ച്‌ ഭാഗത്ത് വെച്ച്‌ 0.460 ഗ്രാം എം.ഡി.എം.എ യും 50 ഗ്രാം കഞ്ചാവുമായി കോഴിക്കോട് താലൂക്കില്‍ കസബ അംശം വെള്ളയില്‍ ദേശത്ത് തൊടിയില്‍ വീട്ടില്‍ ഹാഷിം (45 ), 50 ഗ്രാം കഞ്ചാവുമായി കോഴിക്കോട് താലൂക്കില്‍ കസബ അംശം പുതിയ കടവ് ദേശത്ത് സുനേറബിയ മന്‍സില്‍ സുബൈര്‍ (54) എന്നിവരെയും പിടികൂടി. മൂന്നു പേരെയും എക്സൈസ് അറസ്റ്റ് ചെയ്തു.

പാവമണി റോഡില്‍ വച്ച്‌ അഞ്ച് ലിറ്റര്‍ മദ്യവുമായി നടുവട്ടം സ്വദേശി സുനില്‍കുമാറിനെയും എക്സൈസ് അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ് എംകെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ 9.75 ലിറ്റര്‍ ഗോവന്‍ മദ്യവും പിടികൂടി.

ജില്ലയില്‍ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് വ്യക്തമാക്കി. കോഴിക്കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ സുധാകരന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും മദ്യവും പിടികൂടിയത്.

പ്രിവന്‍റീവ് ഓഫീസര്‍മാരായ മനോജ് പി, പ്രവീണ്‍കുമാര്‍ കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിവേക് കെ എം, ജുബീഷ് കെ, അസ്ലം, മിനേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിജിനി കെ ആര്‍, ഡ്രൈവര്‍ എഡിസണ്‍ കെ.ജെ എന്നിവരും ഉണ്ടായിരുന്നു.

Summary: drug hunt in kozhikode: MDMA, ganja and 35 liters of liquor seized. A resident of Balussery and others were arrested