കീഴരിയൂര്‍ മീറോട് മലയില്‍ എക്സൈസ് റെയ്ഡ്; 225 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു


കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്തിലെ മീറോട് മലയില്‍ നിന്നും 225 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. കീഴരിയൂരിലെ ചാലില്‍മുക്കിലേക്ക് പോകുന്ന റോഡരുകിലെ കുറ്റിക്കാടുകള്‍ക്കിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഉടമയെ കണ്ടെത്താനായിട്ടില്ല.

മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു പരിശോധന നടത്തിയത്. കോഴിക്കോട് ഐ.ബി പ്രിവന്റീവ് ഓഫീസര്‍ പ്രജിത്ത്.എ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എക്‌സൈസ് റേഞ്ച് പാര്‍ട്ടി, ഐ.ബി പാര്‍ട്ടിയുമായി ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് അബ്കാരി കേസ്സെടുത്ത് CR 115/22 ആയി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രിവന്റീവ് ഓഫീസര്‍ എന്‍. അജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.എം.വിചിത്രന്‍, എന്‍.എം.ഉനൈസ്, എ.കെ.രതീഷ് ഡ്രൈവര്‍ മുബശീര്‍ എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.