കുട്ടികര്‍ഷകരുടെ കൃഷിയില്‍ കതിരണിഞ്ഞ് പാടം; ചങ്ങരോത്ത് കൊയ്ത്തുത്സവം


പേരാമ്പ്ര: കുട്ടി കര്‍ഷകരുടെ നെല്‍കൃഷി വിളവെടുത്തു. ചങ്ങരോത്തെ ജാനകീ വയലില്‍ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റാണ് കൃഷിയിറക്കിയത്. കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ‘കതിരണി’ പദ്ധതിയുടെയും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ ‘നിറവ്’ പദ്ധതിയുടെയും ഭാഗമായാണ് ഒന്നര ഏക്കര്‍ പാടത്ത് നെല്‍കൃഷിചെയ്തത്.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.അരവിന്ദാക്ഷന്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി.എച്ച് സനൂപ്, പ്രധാനാധ്യാപകന്‍ വി.അനില്‍, പാടശേഖര സമിതി കണ്‍വീനര്‍ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന കെ. ദാമോദരന്‍ സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍.സീന നന്ദിയും പറഞ്ഞു.