ഹെൽത്ത് കാർഡില്ലെങ്കിൽ ഭക്ഷണ പാചകത്തിനും വിതരണത്തിനും നിൽക്കല്ലേ, പണി പാളും; പേരാമ്പ്രയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താൻ നടപടികളുമായി ആരോ​ഗ്യ വകുപ്പ്


പേരാമ്പ്ര: ഭക്ഷ്യവിഷബാധയും ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കുവാൻ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എൻ.പി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗത്തിൽ ധാരണയായി. പേരാമ്പ്ര താലൂക്ക് ആശുപത്രി പരിധിയിൽ വരുന്ന എല്ലാ ജല സ്രോതസ്സുകളും ഫെബ്രുവരി 1 ന് ക്ലോറിനേഷൻ നടത്തും. ഭക്ഷണ പദാർഥങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും പരിശോധന ഊർജ്ജിതമാക്കാനും തീരുമാനിച്ചു. ഇതിനായി പ്രത്യേകം സ്ക്വാഡ് രൂപീകരിച്ചു. ഹെൽത്ത് കാർഡില്ലാത്തവരെ സ്ഥാപനങ്ങളിൽ ഭക്ഷണം പാകം ചെയ്യാനോ വിതരണം ചെയ്യാനോ അനുവദിക്കില്ല.

വിവാഹം, ഗ്രഹ പ്രവേശനം തുടങ്ങിയ എല്ലാ ചടങ്ങുകളും മുൻകൂട്ടി ആരോഗ്യ വകുപ്പിനെ അറിയിക്കണം. പാചകത്തിനായി ഉപയോഗിക്കുന്ന ജല ശ്രോതസ്സ് പരിശോധന നടത്തി ഉപയോഗയോഗ്യമെന്ന് ഉറപ്പു വരുത്തണം. സ്ഥാപനങ്ങളും പരിസരവും ശുചിത്വവും ഉറപ്പു വരുത്തണം. എതെങ്കിലും പരാതികൾ ശ്രദ്ധയിൽ പെട്ടാൽ ബഹുജനങ്ങൾ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകാനും യോ​ഗത്തിൽ തീരുമാനിച്ചു. ഹെൽത്ത് സൂപ്പർവൈസർ, പബ്ലിക്ക് ഹെൽത്ത് നഴ്സിംഗ്, സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Summary: Health card is compulsary for hotels in perambra