പാലം വെള്ളത്തിലായി; പെരുവണ്ണാമൂഴി – ചെമ്പനോട ഭാഗത്തേക്കുളള ഗതാഗതം നിര്‍ത്തിവെച്ചു, നിരവധി വീടുകളിലും വെള്ളം കയറി


പേരാമ്പ്ര: പാലത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പെരുവണ്ണാമുഴി -ചെമ്പനോട ഭാഗത്തേക്കുള്ള ഗതാഗതം താല്‍കാലികമായി നിരോധിച്ചു. കക്കയം ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള പാലത്തിനു മുകളില്‍ വെള്ളം കയറുകയായിരുന്നു.

 

ജലനിരപ്പ് 756.90 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് വൈകീട്ടാണ് ഘട്ടംഘട്ടമായി മൂന്ന് അടി വരെ ഷട്ടര്‍ ഉയര്‍ത്തി 150 ഘനമീറ്റര്‍/ സെക്കന്റ് എന്ന നിരക്കിലാണ് ജലം ഒഴുക്കി വിട്ടത്.

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ കടന്തറപ്പുഴ കരകവിഞ്ഞതോടെ ചക്കിട്ടപ്പാറ ഗ്രാമത്തിലെ ചെമ്പനോട ഇല്ലിക്കല്‍ ഹൗസിംഗ് കോളനിയിലും വെള്ളം കയറി. കോളനിയില്‍ 13 വീടുകളാണുള്ളത്. ഇതില്‍ ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പുത്തന്‍പുരയില്‍ ബാലന്റെ കുടുംബത്തെയാണ് മറ്റൊരു വീട്ടിലേക്ക് മാറ്റിയത്.

 

മഴ തുടരുകയാണെങ്കില്‍ 6 കുടുംബങ്ങളെ കൂടി മാറ്റി താമസിപ്പിക്കേണ്ടിവരുമെന്ന് ഇവിടം സന്ദര്‍ശിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്തംഗം ലൈസ ജോര്‍ജ്ജ്, ലിബു തോമസ്, ബിജീഷ് ചെട്ടിപ്പറമ്പില്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.