കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടത്തി വന്ന തൃക്കാര്‍ത്തിക സംഗീതോത്സവം ഈ വര്‍ഷം ഒഴിവാക്കി; ഭക്തര്‍ക്ക് നിരാശ, പ്രതിഷേധം


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക വിളക്കിന്റെ ഭാഗമായി നടത്തുന്ന സംഗീതോത്സവം ഒഴിവാക്കി. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന സംഗീതോത്സവമാണ് ഇക്കുറി കാരണമൊന്നുമില്ലാതെ നിര്‍ത്തലാക്കിയത്. തീരുമാനം അറിഞ്ഞതോടെ വലിയ നിരാശയും പ്രതിഷേധവുമാണ് ഭക്തജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്.

ഭക്തജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നടത്തിയിരുന്നത്. ഏറെ പ്രശസ്തരായ സംഗീതജ്ഞരാണ് ഓരോ ദിവസവും ക്ഷേത്രാങ്കണത്തില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. സംഗീതപരിപാടികള്‍ ആസ്വദിക്കാനായി നിരവധി പേരാണ് ക്ഷേത്രത്തില്‍ എത്തിയിരുന്നത്.

തൃക്കാര്‍ത്തിക സംഗീതോത്സവത്തോട് അനുബന്ധിച്ച് എല്ലാ വർഷവും പുരസ്‌കാരം നല്‍കാനും പിഷാരികാവ് ദേവസ്വം നേരത്തേ തീരുമാനിച്ചിരുന്നു. 2021 ലെ ആദ്യ പുരസ്‌കാരം പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്കായിരുന്നു സമ്മാനിച്ചത്. എന്നാല്‍ ഈ വര്‍ഷം പുരസ്‌കാരവും നല്‍കുന്നില്ല എന്നാണ് വിവരം.

സംഗീതപ്രേമികളായ നിരവധി ഭക്തജനങ്ങളാണ് സംഗീതോത്സവവും പുരസ്‌കാരവും ഉപേക്ഷിച്ച പിഷാരികാവ് ദേവസ്വം തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ സംഗീതോത്സവം ഒഴിവാക്കുന്നത് പിഷാരികാവ് ക്ഷേത്രത്തിന്റെ ഖ്യാതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് പല ഭക്തരും അഭിപ്രായപ്പെടുന്നത്. ഉന്നതോദ്യോഗസ്ഥര്‍ക്കും ദേവസ്വം വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കാനാണ് ചില ഭക്തരുടെ തീരുമാനം.