‘കോണ്‍ഗ്രസ് നടത്തുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങള്‍’; നൊച്ചാട് എ.എല്‍.പി സ്‌ക്കൂള്‍ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ


പേരാമ്പ്ര: വിദ്വേഷ പ്രസ്താവന നടത്തിയെന്നാരോപിച്ച് നൊച്ചാട് എ.എല്‍.പി സ്‌ക്കൂള്‍ അദ്ധ്യാപകനായ സി.കെ.അജീഷിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. പത്രസമ്മളനത്തില്‍ പറഞ്ഞു.

അധ്യാപക പദവിയില്‍ ഇരിക്കുന്ന ഒരാള്‍ നൊച്ചാട് കത്തിക്കുമെന്നും സിപിഎം നേതാക്കളുടെ വീട് കയറി അക്രമിക്കുമെന്നും പ്രസ്താവന നടത്തിയെന്ന് ആരോപണം വന്നതിനെത്തുടര്‍ന്ന് നേരത്തേ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അധ്യാപകന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രക്ഷിതാക്കളും മറ്റുള്ളവരും വിദ്യാഭ്യാസമന്ത്രിക്കും സ്ഥലം എംഎല്‍എയ്ക്കും പരാതി നല്‍കിയിരുന്നതായി എം.എല്‍.എ വ്യക്തമാക്കി.

യു.ഡി.എഫ്. അഴിമതി ആരോപണം ഉയര്‍ത്തി സി.പി.എമ്മിന് എതിരെ തെരഞ്ഞെടുപ്പിന് മുമ്പും സമരം നടത്തിയെങ്കിലും തിരഞ്ഞെടുപ്പിലെ തങ്ങളുടെ വിജയം ജനങ്ങള്‍ അതെല്ലാം തള്ളികളഞ്ഞുവെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മില്‍ നിന്ന് നേരത്തെ പുറത്താക്കപ്പെട്ടയാളാണ് അജീഷ്.

നൊച്ചാടുണ്ടായ പ്രശ്നത്തിനിടെ വീടുകളില്‍ കയറുമെന്നും നൊച്ചാട് കത്തിക്കുമെന്നും അജീഷ് പറഞ്ഞത് വീഡിയോ തെളിവാണെന്നും ആ പ്രസ്താവനക്ക് ശേഷം നൊച്ചാട് മേഖലയില്‍ സി.പി.എം. ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും അക്രമിക്കപ്പെട്ടുവെന്നും ഒരധ്യാപകന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് അതെന്നും ടി.പി.രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

നൊച്ചാട് വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയതിന്റെ സാഹചര്യം വ്യക്തമാക്കിയതിനൊപ്പം ഇപ്പോഴും പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും എം.എല്‍.എ. പറഞ്ഞു.

എല്‍.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍ എ.കെ.ചന്ദ്രന്‍, സി.പി.എം. ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ്, എസ്.കെ.സജീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.