ഇന്ത്യന്‍ ട്രൂത്ത് എക്‌സലന്‍സി അവാര്‍ഡ് 2023; മികച്ച ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്


തിരുവനന്തപുരം: അവാര്‍ഡ് നേട്ടവുമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. 11ാമത് ഇന്ത്യന്‍ ട്രൂത്ത് എക്‌സലന്‍സി അവാര്‍ഡ് 2023 ലാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള അവാര്‍ഡ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിലും മികച്ച യുവ സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്തും ഏറ്റുവാങ്ങി.

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അവാര്‍ഡുകള്‍ കൈമാറി. പരിപാടിയില്‍ വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ മറ്റ് നിരവധിപേരും അവാര്‍ഡുകള്‍ സ്വീകരിച്ചു.

ചക്കിട്ടപ്പാറയെ സംസ്ഥാനത്തെ തന്നെ മികച്ച പഞ്ചായത്ത് ആക്കി മാറ്റാന്‍ സാധിച്ചു എന്നത് ഈ അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ മനസ്സിന് ഏറെ സന്തോഷം നല്‍കുന്ന വസ്തുതയാണെന്ന് കെ.സുനില്‍ പറഞ്ഞു. ചക്കിട്ടപ്പാറയില്‍ നടപ്പാക്കിയ സമഗ്ര വികസനത്തിന്റെ അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.