‘സഖാവിന്റെത് ഒരു നാടിനെ കലാപത്തില്‍ നിന്ന് രക്ഷിച്ച പ്രവൃത്തി’; പാലോളിമുക്കില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ജിഷ്ണുവിനെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സന്ദര്‍ശിച്ചു


ബാലുശ്ശേരി: പാലോളിമുക്കില്‍ എസ്.ഡി.പി.ഐ-ലീഗ് പ്രവര്‍ത്തകരാല്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായ ജിഷ്ണുവിനെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ കെ.സുനില്‍ സന്ദര്‍ശിച്ചു. വീട്ടിലെത്തിയാണ് അദ്ദേഹം ജിഷ്ണുവിനെ സന്ദര്‍ശിച്ചത്.

സമാധാനപൂര്‍ണ്ണമായ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാന്‍ എസ്.ഡി.പി.ഐ-ലീഗ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരപ്രവര്‍ത്തനമാണ് പാലോളിമുക്കില്‍ ഉണ്ടായതെന്ന് സന്‍ര്‍ശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ഭീഷണിയെ തുടര്‍ന്ന് അക്രമികളുടെ തിരക്കഥയ്ക്കനുസരിച്ച് ജിഷ്ണുവിന് ക്യാമറയ്ക്ക് മുന്നില്‍ പറയേണ്ടി വന്നു.

എന്നാല്‍ പാര്‍ട്ടിയോടുള്ള വിശ്വാസവും സ്‌നേഹവും കാരണം അടുത്ത ദിവസം തന്നെ ജിഷ്ണു ഈ വിവരങ്ങള്‍ പാര്‍ട്ടി സഖാക്കളോടും പൊലീസിനോടും മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിനോടും വിളിച്ചുപറയാന്‍ തയ്യാറായി. നാടിനെ ഒരു കലാപത്തില്‍ നിന്ന് സംരക്ഷിച്ച പ്രവൃത്തിയാണ് ജിഷ്ണുവിന്റെതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എസ്.ഡി.പി.ഐ പോസ്റ്ററുകള്‍ കീറിയെന്നാരോപിച്ചാണ് ജിഷ്ണുവിനെ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനാക്കിയത്. ജിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് തകര്‍ത്ത് അടുത്തുള്ള വയലിലേക്ക് മറിച്ചിടുകയും അദ്ദേഹത്തെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു അക്രമികള്‍.

സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് എഫ്.ഐ.ആര്‍ പറയുന്നത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

കെ.സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

സഖാവ് ജിഷ്ണുവിനെ സന്ദര്‍ശിച്ചു.
ഉള്ളിയേരി പാലോളി മുക്കില്‍ എസ്ഡിപിഐ – ലീഗ് ഗുണ്ടകള്‍ ക്രൂരമായ അക്രമത്തിന് വിധേയനാക്കിയ സഖാവ് ജിഷ്ണുവിനെ സന്ദര്‍ശിച്ചു.
സമാധാനപൂര്‍ണമായ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാന്‍ എസ്ഡിപിഐ – ലീഗ് ഗുണ്ടകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഭീകര പ്രവര്‍ത്തനം തന്നെയാണ് പാലോളിമുക്കില്‍ സംഭവിച്ചത്.
മണിക്കൂറുകളോളം തടഞ്ഞു വച്ചു ആക്രമിച്ചു, അക്രമികള്‍ തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ച് പറയാന്‍ ഭീഷണിപ്പെടുത്തി അത് വീഡിയോയില്‍ ചിത്രീകരിച്ച്, അത് പ്രചരിപ്പിച്ചു കലാപം സൃഷ്ടിക്കാന്‍ ആണ് ഈ അക്രമികൂട്ടം പദ്ധതി ഇട്ടത്.
എന്നാല്‍ തന്റെ പാര്‍ട്ടിയോട് ഉള്ള വിശ്വാസവും സ്‌നേഹവും കൊണ്ട് പിറ്റെ ദിവസം തന്നെ ഈ വിവരങ്ങള്‍ പാര്‍ട്ടി സഖാക്കളോടും പോലീസിനോടും മാധ്യമങ്ങള്‍ വഴി പൊതു സമൂഹത്തോടും വിളിച്ചു പറയാന്‍ സഖാവ് ജിഷ്ണു തയ്യാറായത് , നാടിനെ ഒരു കലാപത്തില്‍ നിന്നും സംരക്ഷിച്ച പ്രവര്‍ത്തിയാണ്.
സിപിഐഎം ശക്തമായ പിന്തുണ ആണ് ജിഷ്ണുവിന് നല്‍കിയിട്ടുള്ളത്. വര്‍ഗീയ ശക്തികളുടെ ആസൂത്രിത കലാപ ശ്രമങ്ങളില്‍ നിന്നും ഈ നാടിനെ സംരക്ഷിക്കുക എന്ന ദൗത്യം ഓരോ പാര്‍ട്ടി സഖാക്കളുടെയും ഉത്തരവാദിത്വമാണ്..