തകർന്ന കക്കയം ഡാം സൈറ്റ് റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു


കക്കയം: കക്കയം ഡാം സൈറ്റ് റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ മഴയിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന ഭാഗങ്ങള്‍ ഉള്‍പ്പെടെയാണ് പുനര്‍ നിര്‍മ്മിക്കുന്നത്.

കക്കയം വാലിക്ക് സമീപം റോഡിന്റെ വശം തകര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റ് കൊണ്ട് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന ജോലി നേരത്തേ പൂര്‍ത്തിയായിരുന്നു. ഡാം സൈറ്റിനടുത്തും കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കും. കോണിപ്പാറ ഭാഗത്ത് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കലുങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.

2.2 കോടി രൂപയുടെ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനൊപ്പം 2.46 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കൂടി അനുമതിയായിട്ടുണ്ട്.

കക്കയം ടൗണില്‍ നിന്ന് 14 കിലോമീറ്ററാണ് ഡാം സൈറ്റിലേക്കുള്ള ദൂരം. ഇതില്‍ ചെറിയ ഭാഗത്തെ ജനവാസ മേഖല ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി മുഴുവന്‍ വനപ്രദേശമാണ്. ഈ ഭാഗത്ത് റോഡിന്റെ ഒരു വശത്ത് ആഴമേറിയ കൊക്കയും മറുഭാഗത്ത് പാറക്കെട്ടുകളുമാണ്.