ചര്‍ച്ചയില്‍ തീരുമാനമായില്ല; കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ മൂന്നാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിശ്ചലം; സമരം അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് ഡി.വൈ.എഫ്.ഐ


പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാനായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. പേരാമ്പ്ര ഡി.വൈ.എസ്.പി ജയന്‍ ഡൊമിനിക്കും തൊഴിലാളികളും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. ഇതോടെ സമരം മൂന്നാം ദിവസവും തുടരുകയാണ്.

കഴിഞ്ഞ ദിവസം മുളിയങ്ങലില്‍ സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറികടക്കുന്നതിനിടെ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബസ് സമരം ആരംഭിച്ചത്.

കോഴിക്കോട്-കുറ്റ്യാടി റൂട്ടിലോടുന്ന ദിയ ബസ്സാണ് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ തട്ടി കണ്ണാടി പൊട്ടിച്ചത്. ഡ്രൈവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി. ഡ്രൈവർക്കെതിരേയും സമാനമായ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ചർച്ചയിൽ പങ്കെടുത്ത തൊഴിലാളികൾ ആവശ്യപ്പെട്ടു.ഇക്കാര്യം അംഗീകരിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് ചർച്ച അലസിപ്പിരിഞ്ഞത്.

പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ബസ് ഡ്രൈവറെ കോടതി റിമാന്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയത്. ജയിലിലായ ഡ്രൈവര്‍ക്ക് നീതി ലഭിക്കും വരെ ജോലി ചെയ്യില്ലെന്നാണ് പണിമുടക്കുന്നവര്‍ പറയുന്നത്. പണിമുടക്ക് മൂലം യാത്രക്കാര്‍ ദുരിതത്തിലായി.

അതേസമയം പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒയുടെ ഇടപെടലിനെ തുടര്‍ന്ന് 10 മിനിറ്റ് ഇടവിട്ട് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തി. ഇന്നും സമരം തുടരുമെന്നതിനാല്‍ യാത്രക്കാര്‍ പ്രയാസത്തിലാകും. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 56 സ്വകാര്യ ബസുകള്‍ക്കെതിരെ പെര്‍മിറ്റ് നിയമലംഘനത്തിന് നടപടി സ്വീകരിക്കാന്‍ പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒ വടകര ആര്‍.ടി.ഒയോട് കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു.

സമരം അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ

കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകൾ നടത്തുന്ന മിന്നൽ സമരം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. നിരന്തരമായി നിസ്സാര കാരണങ്ങളുടെ പേരിൽ നടത്തുന്ന മിന്നൽ പണിമുടക്ക് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ഈ സമരം കാരണം വിദ്യാർത്ഥികൾ ഉൾപ്പെടെ പെരുവഴിയിൽ ആകുന്ന സാഹചര്യം ആണ് ഉള്ളത്. നേരത്തെ ഉണ്ടായ വിഷയത്തിൻ്റെ പേരിൽ പേരാമ്പ്ര പോലീസിൻ്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ മിന്നൽ പണിമുടക്ക് അവസാനിപ്പിക്കണം എന്ന് തീരുമാനിച്ചതാണ്. എന്നാൽ ഈ തീരുമാനത്തിന് വിരുദ്ധമായി വീണ്ടും ഇത്തരം സമരങ്ങൾ നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് ഇവർ സ്വീകരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.

മിന്നൽ സമരം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു. സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്കിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പേരാമ്പ്രയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആർ.ബിനിൽ രാജ്, പി.സി.സജിദാസ്, കെ.പി.അഖിലേഷ്, അമൽജിത്ത് എന്നിവർ നേതൃത്വം നൽകി.