ബഫര്‍സോണ്‍ വിവാദം: ചക്കിട്ടപാറ ഉള്‍പ്പെടെ ജില്ലയുടെ മലയോര പഞ്ചായത്തുകളിൽ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍


പേരാമ്പ്ര: സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമാക്കിയ (ബഫര്‍സോണ്‍) സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍. ചക്കിട്ടപ്പാറ, നരിപ്പറ്റ, വാണിമേല്‍, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, മരുതോങ്കര എന്നീ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുന്നത്.

രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, പത്രം, പാല്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബഫര്‍ സോണ്‍ വിഷയത്തില്‍ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ എല്‍.ഡി.എഫ് കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.