ജോലി നൽകാമെന്ന് വാ​ഗ്ദാനം നൽകി മുയിപ്പോത്ത് സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾതട്ടിയെടുത്തു; ചക്കിട്ടപാറക്കാരിയായ മഹിളാ മോർച്ച നേതാവിനും സഹായിക്കുമെതിരെ പരാതി


പേരാമ്പ്ര: ജോലി നൽകാമെന്ന് വാഗ്ദാനം നൽകി മുയിപ്പോത്ത് സ്വദേശിയിൽ നിന്ന് ബിജെപി മഹിളാ മോർച്ച നേതാവും സഹായിയും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ആർഎസ്എസ് പ്രവർത്തകൻ മുയിപ്പോത്ത് എരവത്ത് കണ്ടി മീത്തൽ ചന്ദ്രനാണ് തട്ടിപ്പിന് ഇരയായയത്. മകന് ജോലി നൽകാമെന്ന് വാ​ഗ്ദാനം നൽകിയാണ് ചന്ദ്രനിൽ നിന്ന് ഇവർ പണം കെെക്കലാക്കിയത്. ചന്ദ്രന്റെ പരാതിയിൽ മേപ്പയ്യൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

യുവമോർച്ച മുൻ സംസ്ഥാന കമ്മിറ്റി അംഗവും മഹിളാ മോർച്ച നേതാവുമായ മുതുകാട് സ്വദേശി കുളപ്പുറത്ത് താഴക്കുനിയിൽ പ്രകാശിനി, സഹായി തൊട്ടിൽപാലം മുള്ളൻകുന്നിലെ പെരുവനംതറ സുനിൽ കുമാർ എന്നിവർക്കെതിരെയാണ് പരാതി. ചന്ദ്രന്റെ മകൻ അർജുന് തൃശൂരിലെ കാർഷിക സർവകലാശാലയിൽ ജോലി ശരിപ്പെടുത്താമെന്നാണ് ഇവർ വാ​ഗ്ദാനം നൽകിയത്. ഇതിനായി പത്ത് ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. മുൻകൂറായി മൂന്നരലക്ഷം രൂപയാണ് ഇവരുവരം ചേർന്ന് കെെപ്പറ്റിയത്.

2022 മാർച്ച് 31 നുള്ളിൽ ജോലി ശരിയാകുമെന്നാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുലക്ഷം രൂപ 2022 ജനുവരി 14 ന് സുനിൽകുമാറിന്റെ അക്കൗണ്ടിലേക്ക് അയച്ചു. രണ്ടുദിവസത്തിന് ശേഷം പ്രകാശിനി വീട്ടിലെത്തി ഒന്നര ലക്ഷം രൂപയും കൈപ്പറ്റി. എന്നാൽ പറഞ്ഞ തിയ്യതി കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പ്രകാശിനിയെ സമീപിച്ചെങ്കിലും ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ജോലിക്കായി നൽകിയ പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

ചന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി 406,420 വകുപ്പുകൾ പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി മേപ്പയ്യൂർ സ്റ്റേഷനിലെ എസ്.ഐ സുരേന്ദ്രൻ പി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

  • Summary: mahila leader extorted lakhs from a native of Muipoth by promising to give job for his son