യാത്ര ഇനി പുതിയ പാലത്തിലൂടെ, കടന്തറപുഴയ്ക്ക് കുറുകെ കുറത്തിപ്പാറയില്‍ നിര്‍മ്മിച്ച സിസ്റ്റര്‍ ലിനി സ്മാരക ഇരുമ്പുപാലം 23ന് നാടിന് സമര്‍പ്പിക്കും; സ്വാഗതസംഘം രൂപീകരിച്ചു


പെരുവണ്ണാമൂഴി: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ കുറത്തിപാറയെയും മരുതോങ്കര പഞ്ചായത്തിലെ സെന്റര്‍മുക്കിനെയും ബന്ധിപ്പിച്ച് കടന്തറപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച ഇരുമ്പുപാലം 23ന് നാടിന് സമര്‍പ്പിക്കും. സിസ്റ്റര്‍ ലിനിയുടെ സ്മാരകമായി എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരുകോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍എ നിര്‍വ്വഹിക്കും.

2021 ഫെബ്രുവരിയില്‍ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞെങ്കിലും കഴിഞ്ഞ വര്‍ഷം ജനുവരിയിലേ തൂണ്‍ നിര്‍മ്മാണം തുടങ്ങാനായുള്ളൂ. ഇരുവശത്തും രണ്ട് തൂണുകളുള്ള പാലത്തിന് 45 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാഗത സംഘരൂപീകരണയോഗം ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം ലൈസ ജോര്‍ജ്, മരുതോങ്കര പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബുരാജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. സി.കെ ശശി ചെയര്‍മാനും ലൈസ ജോര്‍ജ് കണ്‍വീനറായും കെ.പി രാജന്‍ ട്രഷററുമായ ഉദ്ഘാടന സ്വാഗതസംഘ കമ്മറ്റിയും രൂപീകരിച്ചു.