പത്താമുദയം കഴിഞ്ഞു, ഇനി കലയും ഭക്തിയും ഒത്തുചേരുന്ന തെയ്യക്കാലം; കൊയിലാണ്ടി കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിൽ തിറയാട്ടം, തെയ്യക്കോലത്തിൽ നിറഞ്ഞാടി നിധീഷ് കുറുവങ്ങാട്


കൊയിലാണ്ടി: ഇരുട്ടിന്റെ മറ നീക്കി ചൂട്ട് കറ്റകൾ തെളിഞ്ഞു, സന്ധ്യമയങ്ങിയതോടെ ചെണ്ടപ്പുറത്തെ കോൽത്താളങ്ങൾ നാല് ദിക്കിലും തെയ്യത്തിന്റെ പുറപ്പാട് അറിയിച്ചു. കണയങ്കോട് കിടാരത്തിൽ ശ്രീ. തലച്ചില്ലോൻ-ദേവീ ക്ഷേത്രത്തിൽ കാൽ ചിലമ്പ് കിലുക്കി, ദൈവവിളിയോടെ തെയ്യം പാഞ്ഞെത്തി. ഇന്നലെ തുലാപ്പത്ത് ഉത്സവത്തിൽ നിധീഷ് കുറുവങ്ങാട് തെയ്യം കെട്ടിയാടിയപ്പോൾ കൊയിലാണ്ടിയിലെങ്ങും കലയും ഭക്തിയും ഒന്നു ചേർന്ന അപൂർവ്വ അനുഭൂതി. തുലാം പത്ത് കഴിഞ്ഞു, കൊയിലാണ്ടിയിൽ ഇത് തെയ്യാട്ടകാലം.

കൊയിലാണ്ടി കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിൽ തുലാം പത്തിനോടനുബന്ധിച്ച് നടന്ന തിറയിലാണ് നിധീഷ് കുറുവങ്ങാട് കോലധാരിയയായത്. കൊയിലാണ്ടിയുൾപ്പെടെയുള്ള നാടുകളിൽ തെയ്യാട്ടക്കാലം തുലാം പത്തുമുതൽ സജീവമാവുകയാണ്. ഇനി ആറു മാസം ദേവകോലങ്ങൾ രാപ്പകൽ ഉറഞ്ഞുതുള്ളും. കാവുകളിൽ നിന്ന് കാവുകളിലേക്ക് ഉറക്കമില്ലാതെ നാടൊഴുകുന്ന നാളുകളാണ് ആ ദേശത്തിനിനി. ചെണ്ട, വീക്കുചെണ്ട, ഇലത്താളം, കുഴൽ എന്നി പ്രധാന വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് തെയ്യം ഉറഞ്ഞുതുള്ളുന്നത്.

ദൈവങ്ങളുടെ കോലം ധരിച്ച മനുഷ്യർ ദൈവങ്ങളായി പ്രത്യക്ഷപ്പെടുകയും ജനങ്ങൾക്ക് അനുഗ്രഹാശിസുകൾ നൽകുകയും ചെയ്യുന്നുവെന്നാണ് തെയ്യത്തോടനുബന്ധിച്ചുള്ള വിശ്വാസം. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വൈവിധ്യമുള്ള നിറങ്ങളാണ് തെയ്യത്തിന്റെ മുഖത്തെഴുത്തിന് ഉപയോഗിക്കുക. ചായില്യം, കരിമഷി, അരിപ്പൊടി, മനയോല തുടങ്ങിയവ വർണ്ണങ്ങളായി ഉപയോഗിക്കുന്നു. വ്യത്യസ്ത തെയ്യങ്ങൾക്ക് വ്യത്യസ്ത മുഖത്തെഴുത്ത്. കാർഷികപ്രാധാന്യമുള്ള ദിനം കൂടിയാണ് തുലാംപത്ത്. കന്നിക്കൊയത്ത് കഴിഞ്ഞ് രണ്ടാം വിളവെടുപ്പിന്റെ തുടക്കം കൂടിയാണ്.

മനുഷ്യൻ ദേവതാരൂപം ധരിച്ച് ഉറഞ്ഞു തുള്ളുകയും അതിലൂടെ ദേവതയെ പ്രീതിപ്പെടുത്തുകയും തിരിച്ചു ദേവത സമൂഹത്തിന് ഐശ്വര്യവും സമാധാനവും നൽകുന്ന വിശ്വാസപ്രക്രിയയാണ് തെയ്യം. അമ്മ ദൈവങ്ങൾ, മന്ത്രമൂർത്തികൾ, ഇതിഹാസ കഥാപാത്രങ്ങൾ, വനദേവതകൾ, നാഗകന്യകകൾ, വീരന്മാർ, സമൂഹത്തിലെ തിന്മകൾക്കെതിരെ പൊരുതി വീരമൃത്യുവരിച്ചവർ-ഇവരെല്ലാം തെയ്യങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്. വണ്ണാൻ, മലയൻ, മാവിലൻ, വേലൻ, മുന്നൂറ്റാൻ, അഞ്ഞൂറ്റാൻ, പുലയർ, കോപ്പാളർ തുടങ്ങിയവരാണ് സാധാരണ തെയ്യക്കോലങ്ങൾ കെട്ടുന്നത്.

കോവിഡിന്റെ ഭീകരതയിൽ മുങ്ങി പോയ ആഘോഷങ്ങൾക്ക് ശേഷം ഏറെ ആവേശമായാണ് ഇത്തവണത്തെ ഉത്സവങ്ങളും ആഘോഷങ്ങളും കൊയിലാണ്ടിക്കാർ ഏറ്റെടുത്തിരിക്കുന്നത്. വീണ്ടും ആരവം മുഴക്കി ഒരു കളിയാട്ടക്കാലത്തിനു കൂടി തുടക്കമായത്തോടെ ഏറെ ആവേശത്തിലാണ് തെയ്യം പ്രേമികൾ. ചെണ്ടയുടെയും ചിലമ്പിന്റെയും സ്ഥലങ്ങളാണ് കൊയിലാണ്ടിയിലിനി…

Summary: the season of theyyam begins at Koyilandy