കോട്ടയത്തേക്കൊരു ടിക്കറ്റ്, കയ്യിൽ 150 രൂപയേ ഉള്ളൂ, ബാക്കി ചേട്ടൻ ​ഗൂ​ഗിൾ പേ ചെയ്യും’; വയനാട്ടിലെ സ്കൂളിൽ നിന്ന് ആരുമറിയാതെ നാടുവിടാനൊരുങ്ങിയ പത്താംക്ലാസുകാരിയെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർ


കല്‍പറ്റ: വീട്ടുകാരറിയാതെ നാടുവിടാനൊരുങ്ങിയ പത്താംക്ലാസുകാരിയെ സമയോചിതമായ ഇടപെടലിലൂട രക്ഷിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർ മാതൃകയായി. മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടറും പിണങ്ങോട് സ്വദേശിയുമായ പി. വിനോദാണ് സ്കൂളിൽ നിന്ന് ആരുമറിയാതെ പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ സുരക്ഷിത കരങ്ങളിലേൽപ്പിച്ചത്.

ബുധനാഴ്ചയാണ് എല്ലാവരെയും ആശങ്കയുടെ മുൾമുനയിൽ നിർത്തി പത്താംക്ലാസ് വിദ്യാർത്ഥിനിയെ കാണാതാവുന്നത്. സ്കുളിൽ നിന്നിറങ്ങിയ പെൺകുട്ടി മാനന്തവാടി-കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി കോട്ടയത്തേക്കുള്ള ടിക്കറ്റാവശ്യപ്പെട്ടു. 150 രൂപയേ കയ്യിലുള്ളൂവെന്നും ബാക്കി തുക ചേട്ടന്‍ ഗൂഗിള്‍ പേ ചെയ്യുമെന്നും കണ്ടക്ടറോട് പറഞ്ഞ് പെൺകുട്ടി ഒരു നമ്പറും നൽകി. കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണും ഉണ്ടായിരുന്നില്ല. പെൺകുട്ടി നല്‍കിയ നമ്പറിൽ വിളിച്ചെങ്കിലും പൈസ അയച്ചില്ലെന്നു മാത്രമല്ല ഫോണില്‍ സംസാരിച്ചയാൾ കൃത്യമായ മറുപടിയും നല്‍കിയില്ല. പെൺകുട്ടിയുടെ പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയ കണ്ടക്ടർ പടിഞ്ഞാറത്തറ സ്വദേശിയായ ഡ്രൈവര്‍ വിജേഷിനെയും വിവരം അറിയിച്ചു.

കുട്ടിയോട് സംയമനത്തോടെ സംസാരിച്ച് പഠിക്കുന്ന വിദ്യാലയത്തിന്റെ പേരു മനസിലാക്കാനും വിനോദ് മറന്നില്ല. ബസിലുണ്ടായിരുന്ന സുഹൃത്ത് നിഷാന്തിന്റെ സഹായത്തോടെ പെൺകുട്ടി പറഞ്ഞ സ്കൂളിന്റെ ഫോണ്‍ നമ്പർ സംഘടിപ്പിച്ചു. സ്കൂളിലേക്ക് വിളിച്ചപ്പോഴാണ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്നുള്ള വിവരം ആധിയോടെ അവർ പങ്കുവെക്കുന്നത്. പോലീസിനെയും സ്കൂൾ അധീകൃതർ വിവരം അറിയിച്ചിരുന്നു. രക്ഷിതാക്കളോട് സംസാരിച്ച വിനോദ് വിദ്യാർത്ഥിനിയെും വിദ്യാര്‍ഥിനിയെ ആശ്വസിപ്പിക്കുകയും ചെയ്തു.

പെൺകുട്ടിയെയോ ബസിലെ മറ്റു യാത്രക്കാരെയോ ബുദ്ധിമുട്ടിക്കാതെയായിരുന്നു വിനോദിന്റെ ഓരോ ഇടപെടലും. മാനന്തവാടി പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് 10.30 ഓടെ കല്‍പറ്റ പൊലീസ് പുതിയ ബസ് സ്റ്റാന്‍ഡിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കൈയില്‍ പണമോ ഫോണോ ഇല്ലാതെ ആരുമറിയാതെ പോകാന്‍ ശ്രമിച്ച കുട്ടിയെ വേഗത്തിലുള്ള ഇടപെടലിലൂടെ സുരക്ഷിതമായി അധികൃതര്‍ക്ക് കൈമാറാനായതിന്റെ ആശ്വാസത്തില്‍ കണ്ടക്ടര്‍ വിനോദ് കോട്ടയത്തേക്കുള്ള യാത്ര തുടരാനുള്ള ഡബിള്‍ ബെല്ലടിച്ചു.

Summary: ‘One ticket to Kottayam, I have only Rs 150 in hand and the rest will be google pay’ KSRTC conductor rescues girl who was about to leave school in Wayanad without anyone’s knowledge.