വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രം, രണ്ടുദിവസത്തിനിടെ എലത്തൂരിലും ഉള്ള്യേരിയിലുമായി ഒരുമുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചത് രണ്ട് യുവതികള്‍; ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിച്ച് മുന്നേറുക


പേരാമ്പ്ര: സമാനമായ രണ്ട് ആത്മഹത്യകളാണ് എലത്തൂരിലും ഉള്ളിയേരിയിലുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിലാണ് എല്ലാം അവസാനിപ്പിച്ച് ഒരുമുഴം കയറിൽ അവർ പ്രതീക്ഷകളെ കെട്ടിത്തൂക്കിയത്. കോക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അൽക്കയും എലത്തൂരിൽ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യയുമാണ് ആത്മഹത്യ ചെയ്തത്.

ആറുമാസങ്ങൾക്കു മുൻപാണ് ഭാ​ഗ്യയും അനന്തുവും പ്രണയിച്ചു വിവാഹിതരായത്. ​രണ്ട് വർഷം മുൻപ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയ പരാതിയിൽ അനന്തുവിനെതിരെ പോക്സോ കേസെടുത്തിരുന്നു. പിന്നീട് പ്രായപൂർത്തിയായ ദിവസം വിവാഹം കഴിച്ച് കേസ് ഒത്ത് തീർപ്പിലെത്തുകയായിരുന്നു. ഗർഭിണിയായിരിക്കെയാണ് ഭാ​ഗ്യ മരണത്തെ കൂട്ടുപിടിച്ചതും. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ രജിതകല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എലത്തൂർ പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചു.

ഒന്നരമാസം മുമ്പാണ് കോക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകൾ അൽക്കയും പ്രജീഷ് എന്ന യുവാവുമായുള്ള വിവാഹം നടന്നത്. ഇന്നലെ യുവതിയെ ഭര്‍ത്താവിന്റെ വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അയല്‍ക്കാരാണ് അല്‍ക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മാസങ്ങൾക്കിടിയൽ നിരവധി പെൺകുട്ടികളാണ് ജീവിതപ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയാതെ ആത്മഹത്യ ചെയ്തത്. ചില സ്ഥലങ്ങളിൽ ​ഗാർഹിക പീഢനങ്ങളാണ് വില്ലനാകുന്നതെങ്കിൽ, ചിലർ മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയാതെ മരണത്തിന് കീഴടങ്ങുന്നു. മകൾ ജീവിത പ്രശ്നങ്ങളെ കുറിച്ച് പരാതി പറയുമ്പോൾ നിസാരമായി കാണാതെ അവരെ ചേർത്തുപിടിക്കണം. അല്ലാത്തപക്ഷം മരവിച്ച മുഖവുമായി വെള്ളപുതച്ചായിരിക്കും പിന്നീടവർ വീട്ടിലെത്തുന്നത്. മരണശേഷം ഖേദിക്കുന്നതിനേക്കാൽ ജീവിച്ചിരിക്കുമ്പോൾ ചേർത്തുപിടിക്കുകയാണ് വേണ്ടത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നതിനായി ഒട്ടും മടിക്കേണ്ട 1056.

Summary: Within two days two yound women commited suicide in Kozhikode district. Suicide is not the solution to anything, try to survive