ചക്കിട്ടപാറ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി നല്‍കാം; സര്‍ക്കാര്‍ ഉത്തരവിറങ്ങി


പേരാമ്പ്ര: ജനവാസമേഖലകളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി ഉത്തരവിറങ്ങി. ജനവാസ മേഖലകളില്‍ ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നിയെ അനുയോജ്യ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍, കോര്‍പറേഷന്‍ മേയര്‍ എന്നിവര്‍ക്ക് അനുമതി നല്‍കി. ഇവരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായും മൂന്നിടങ്ങളിലെയും സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായും നിയമിക്കും.

വിഷം, സ്‌ഫോടക വസ്തു എന്നിവയുടെ പ്രയോഗം, വൈദ്യുതി ഷോക്ക് എന്നീ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ല. പൊതുജനങ്ങളുടെ അപേക്ഷയില്‍ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനും അധികാരമുള്ള ഉദ്യോഗസ്ഥനും കാട്ടുപന്നിയെ സ്വയംവേട്ടയാടി കൊല്ലാനോ അല്ലെങ്കില്‍ മറ്റാരെങ്കിലും മുഖേന കൊല്ലിക്കാനോ കാരണം വ്യക്തമാക്കി ഉത്തരവ് നല്‍കാം.

കൊല്ലുന്ന വേളയില്‍ മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതര വന്യജീവികള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണം. കൊല്ലുന്നവയുടെയും സംസ്‌കരിക്കുന്ന ജഡങ്ങളുടെയും വിവരങ്ങള്‍ ഇതിനായി തയ്യാറാക്കിയ രജിസ്റ്ററില്‍ തദ്ദേശ സ്ഥാപനങ്ങള്‍ എഴുതി സൂക്ഷിക്കണം. ജനജാഗ്രത സമിതികളുടെ സേവനം കാട്ടുപന്നിയെ കൊല്ലാനും സംസ്‌കാരിക്കാനും ഉപയോഗിക്കാം.

കാട്ടുപന്നിയെ കൊന്ന് ഇല്ലായ്മ ചെയ്യാനുള്ള അധികാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനും അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കൈമാറാനുള്ള അനുമതി ചീഫ് വൈല്‍ഡ് ലൈഫ് നല്‍കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉടന്‍ ഉത്തരവിറക്കുന്നതോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകും.

പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ചക്കിട്ടപാറ ഉള്‍പ്പെടെ പേരാമ്പ്ര മേഖലയിലെ കാട്ടുപന്നി ശല്യം നേരിടുന്ന പഞ്ചായത്തുകളിലുള്ള കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവില്‍ ജീവന് വരെ ഭീഷണിയുയര്‍ത്തുന്ന തരത്തിലാണ് കാട്ടുപന്നികള്‍ വിലസുന്നത്. തിരുവമ്പാടിയില്‍ ഇന്ന് രാവിലെ വിദ്യാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചിരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെ കടയില്‍ നിന്നും സാധനം വാങ്ങി തിരിച്ചുവരുമ്പോഴാണ് വിദ്യാര്‍ഥിയായ അദ്നാനെ കാട്ടുപന്നി ആക്രമിച്ചത്. അദ്നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ തേറ്റകൊണ്ട് കുത്തേറ്റിട്ടുണ്ട്. സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ വീട്ടുവളപ്പില്‍ പൂട്ടിയിട്ടിരുന്ന പന്നിയെ പിന്നീട് വനപാലകരെത്തി കൊലപ്പെടുത്തുകയായിരുന്നു.