”ആശങ്കയുണ്ടെന്റെയുള്ളില്‍, എനിക്കാശങ്കയേറെയുണ്ടുള്ളില്‍…” ബഫര്‍സോണ്‍ വിഷയത്തില്‍ കവിതയിലൂടെ പ്രതിഷേധിച്ച് ചക്കിട്ടപ്പാറ സ്വദേശി സുരേഷ് കനവ് (കവിത കേള്‍ക്കാം)


ബഫര്‍സോണ്‍ വിഷയത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം അലയടിക്കുകയാണ്. ചോരനീരാക്കി, മണ്ണില്‍ പണിയെടുത്ത് പൊന്ന് വിളയിക്കുന്ന ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കര്‍ഷകരുള്‍പ്പെടുന്ന മലയോര മേഖല. സംരക്ഷിതവനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖല (ബഫര്‍സോണ്‍) നിര്‍ബന്ധമെന്ന സുപ്രീം കോടതി ഉത്തരവ് ആണ് ആശങ്കയ്ക്കു കാരണം. ആനയെയും പുലിയെയും പേടിക്കാത്ത, ഉരുള്‍പൊട്ടലിനെ കൂസാത്ത മലയോര ജനതയിതാ നെഞ്ചിടിപ്പോടെ കേള്‍ക്കുകയാണു ബഫര്‍സോണ്‍ പ്രഖ്യാപനത്തെ.

ഹര്‍ത്താലാചരിച്ചും പ്രകടനങ്ങള്‍ നടത്തിയും രാഷ്ട്രീയക്കാരും കര്‍ഷകരും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. കവിതയിലൂടെ തന്റെ ആശങ്കകളും പ്രതിഷേധവും രേഖപ്പെടുത്തുകയാണ് ചക്കിട്ടപ്പാറ സ്വദേശിയും കലാകാരനുമായ സുരേഷ് കനവ്. ”ആശങ്കയുണ്ടെന്റെയുള്ളില്‍ എനിക്കാശങ്കയേറെയുണ്ടുള്ളില്‍, പൊന്നുപോല്‍ കാത്തൊരു മണ്ണും വിളകളും നിന്റേതല്ലെന്നോരാവിധിയില്‍… എന്ന് തുടങ്ങുന്നതാണ് സുരേഷിന്റെ കവിത. ബഫര്‍സോണ്‍ വിഷയത്തില്‍ കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ കടന്നുപോകുന്ന മാനസികാവസ്ഥ അക്ഷരങ്ങളിലൂടെ വരച്ചുകാട്ടുകയാണ് സുരേഷ്. വികാര നിര്‍ഭരമാണ് കവിതയിലെ ഓരോ വരികളും.

സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ചക്കിട്ടപ്പാറ. ഞാനുള്‍പ്പെടെ നിരവധി പേരെ പുതിയ ഉത്തരവ് ബാധിക്കും. പാരമ്പര്യമായി കൃഷിചെയ്തുപോരുന്ന കൃഷിയിടം നഷ്ടപ്പെടുമോയെന്ന ആശങ്കകള്‍ കര്‍ഷകര്‍ പങ്കുവെച്ചിരുന്നു. അവരുടെ ആശങ്കളാണ് വരികളായി മാറിയതെന്ന് സുരേഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സിനിമാ മേഖലയിലുള്ള ചില സുഹൃത്തുക്കളുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ കവിത ഞാന്‍ പോസ്റ്റുചെയ്തിരുന്നു. അതിലുള്ള ഒരാള്‍ കവിത ആലപിച്ച് എനിക്ക് അയച്ചുതരുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബാലുശ്ശേരി സ്വദേശിയും തേഞ്ഞിപ്പാലം ഇ.എ.എല്‍.പി.എസ് സ്‌കൂള്‍ അധ്യാപകനുമായ ദിലീപ് ഹരിതമാണ് കവിതയ്ക്ക് ശബ്ദം നല്‍കിയത്. ഇതിന് മുമ്പ് കോറോണയെ പറ്റി ഞാനെഴുതിയ കവിത ആലപിച്ച് അദ്ദേഹം അയച്ചുതന്നിട്ടുണ്ട്. ഗാന്ധിയെപറ്റിയും വാര്‍ദ്ധക്യത്തെ പറ്റിയുമുള്ള കവിതകളും രചിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് സുരേഷ് കവിത പോസ്റ്റുചെയ്തത്. വ്യത്യസാമായ പ്രതിഷേധത്തെ ഹൃദയപൂര്‍വ്വം സ്വീകരിച്ചിരിക്കുകയാണ് ജനങ്ങള്‍.

സുരേഷ് കനവ്, ദിലീപ് ഹരിതം


നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ച വ്യക്തിയാണ് സുരേഷ്. എടക്കാട് ബറ്റാലിയന്‍, തല്ലുംപിടി, കുഞ്ഞിരാമന്റെ കുപ്പായം, കണ്ണാടി തുടങ്ങി പതിനാറോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ സുരേഷ് അഭിനയിച്ചിട്ടുണ്ട്. ലാന്റ് സ്‌കെയ്പ് ഡിസൈനറായ സുരേഷ് സകലാകലാ വല്ലഭനാണെന്ന് പറയാം. അഭിനയത്തോടൊപ്പം ആര്‍ട്ട് വര്‍ക്കും, ശില്‍പ്പ നിര്‍മ്മാണവും ചിത്രരചനയുമുണ്ട്

ചക്കിട്ടപ്പാറയിലെ നരിനടയ്ക്കടുത്ത് പരേതനായ കേളപ്പന്റെയും ദേവിയുടെയും മകനാണ് സുരേഷ്. റീനയാണ് ഭാര്യ. അനീഷ്യ, പ്രഭുല്‍ജിത്ത് എന്നിവര്‍ മക്കളാണ്.

കവിത കേള്‍ക്കാം: