ഇത് പരിമിതികളെ തോല്‍പ്പിച്ച പരിധിയില്ലാ നേട്ടം; കുറ്റ്യാടി തണല്‍ സ്കൂളിലെ സനുരാജും നാഫിസും സംസ്ഥാന സെറിബ്രല്‍ പാള്‍സി അത്ലറ്റിക്സിലേക്ക്


പേരാമ്പ്ര: പരിമിതികളോട് പൊരുതി മിന്നുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കുറ്റ്യാടി തണല്‍ സ്കൂളിലെ സനുരാജും നാഫിസും. തങ്ങളുടെ കായികപരമായ കഴിവുകളുമായി അവര്‍ കയറിച്ചെല്ലാനൊരുങ്ങുന്നത് സംസ്ഥാന സെറിബ്രല്‍ പാള്‍സ് അത്ലറ്റിക്സ് മത്സരത്തിലേക്കാണ്.

കുറുവന്തേരി സ്വദേശി ഇളയിടം രാജന്റെയും സീനയുടെയും മകന്‍ സനുരാജ് ഡിസ്ക്സ്ത്രോ ജാവലിന്‍ ത്രോ മത്സരത്തിലും പാലേരി ചെറിയ കുമ്പളം സ്വദേശി ചാലക്കര മീത്തല്‍ മുഹമ്മദ് റാഫിയുടെയും സീനത്തിന്റെയും മകന്‍ നാഫിസ് ക്ലബ്ബ് ത്രോ, ജാവലിന്‍ ത്രോ മത്സരത്തിലും സംസ്ഥാനതലത്തില്‍ പങ്കെടുക്കും.

പൂനൂര്‍ ഗവ.യുപി സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന നാഷ്ണല്‍ സെറിബ്രല്‍ പാള്‍സി അത്ലറ്റിക്സ് മീറ്റ് സ്റ്റേറ്റ് ടീമിലേക്കുള്ള ജില്ലാ സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്താണ് ഇരുവരും സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ഹെല്‍ത്ത് കെയര്‍ ഫൌണ്ടേഷനും കേരളാ സെറിബ്രല്‍ പാള്‍സി സ്പോര്‍ട്സ് അസോസിയേഷനും സംയുക്തമായാണ് ജില്ലാ സെലക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്.