പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഓഫീസേഴ്സും, തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കുരുന്നുകളും; വേറിട്ട അനുഭവമായി പേരാമ്പ്ര എ.യു.പി.സ്കൂളിലെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്


പേരാമ്പ്ര: വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി പേരാമ്പ്ര എ.യു.പി.സ്കൂൾ ഇ-വോട്ടിംഗിലൂടെ നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്. പോളിംഗ് നിയന്ത്രിക്കുന്ന പ്രിസൈഡിംഗ് ഓഫീസർ, ചുമതലകൾ നിർവ്വഹിക്കാൻ ഫസ്റ്റ്, സെക്കന്റ്, തേർഡ് പോളിംഗ് ഓഫീസേഴ്സ്, ക്രമസമധാന പാലനത്തിന് സ്കൗട്ട്, ഗൈഡ്സ് , ജെ.ആർ.സി. അംഗങ്ങളായ കുട്ടി പോലീസ്, വോട്ട് ചെയ്യാനായി എണ്ണൂറോളം വോട്ടർമാർ ഇതായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. നാട്ടിൽ നടക്കുന്ന ഏതൊരു പൊതു തെരഞ്ഞെടുപ്പിന്റേയും നടപടിക്രമങ്ങൾ അതേപടി പാലിച്ചു കൊണ്ട് വിഞ്ജാപനം മുതൽ ഫലപ്രഖ്യാപനം വരെ ജനാധിപത്യ രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.

ഇതിനൊക്കെ പുറമെ ദേശീയ പ്രാദേശിക ഭാഷകളിൽ കുട്ടികളുടെ തൽസമയ വാർത്താ റിപ്പോർട്ടിംഗ്. ജനപ്രതിനിധികളായ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന, വാർഡ് മെമ്പർ ജോന പി എന്നിവരുടെ നേതൃത്വത്തിൽ പോളിംഗ് ബൂത്ത് സന്ദർശനവും. പൊതു തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സ്കൂൾ ലീഡറായി ഗിരിവർധൻ എസ്.ഡി. യേയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് ഫിനാൻ റാഷിദിനേയും തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ്സ് കെ.പി.മിനി ടീച്ചറുടെയും പി.ടി.എ.പ്രസിഡന്റ് വി.എം. മനേഷിന്റേയും നേതൃത്വത്തിൽ പി.ടി.എ. വൈസ് പ്രസിഡന്റ് റിഷാദ് പി.എം., എം.പി.ടി.എ. ചെയർപേഴ്സൺ ബബിത പി.കെ., അധ്യാപകരായ പി.പി.മധു,ടി.കെ. ഉണ്ണികൃഷ്ണൻ, ടി.ആർ. സത്യൻ, പി.കെ. സ്മിത, കെ.എം.സാജു, ഇ. ഷാഹി, പി.എം. അരുൺകുമാർ, ടി.അരുൺ എന്നിവർ മേൽനോട്ടം വഹിച്ചു.

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ സ്കൂളിൽ നിന്നു തന്നെ കുട്ടികൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യം നിറവേറ്റിയ നിർവൃതിയിലാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് അം​ഗങ്ങൾ.

Summary: school leader election in perambra aup school