വൈദ്യുതി പൊതുമേഖലയിൽ സംരക്ഷിക്കാൻ സംസ്ഥാനം നിയമം നിർമ്മിക്കണമെന്ന് കെ.മുരളീധരൻ എം.പി


കുറ്റ്യാടി: കേന്ദ്ര സർക്കാരിൻ്റെ വൈദ്യുതി മേഖല സ്വകാര്യവൽക്കരണ നീക്കത്തെ പ്രതിരോധിച്ച് പൊതുമേഖലയിൽ സംരക്ഷിക്കാൻ കൺകറൻ്റ് ലിസ്റ്റിലെ അധികാരം പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും വേണ്ടിവന്നാൽ സംസ്ഥാനം നിയമം നിർമ്മിക്കണമെന്നും കെ.മുരളീധരൻ എം.പി ആവശ്യപ്പെട്ടു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ നാദാപുരം ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.ഇ.ബി ലാഭമുണ്ടാക്കിയെന്ന് കണക്കുകൾ പറയുമ്പോഴും തൊഴിലാളികളുടെ അവകാശമായ ഡി.എ, പ്രമോഷൻ, ലീവ് സറണ്ടർ തുടങ്ങിയ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്നത് പ്രതിഷേധാർഹമാണെന്നും ഒഴിവുകൾ പ്രമോഷനിലൂടെയും, പി.എസ്.സി റിക്രൂട്ട്മെൻ്റിലൂടെയും നികത്തി കൊണ്ട് വൈദ്യുതി വിതരണ സംവിധാനം സുതാര്യമാക്കണമെന്നും യുവാക്കളോട് നീതി പുലർത്തണമെന്നും പൊതുജനങ്ങൾക്ക് കൂടുതൽ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ കോൺഫെഡറേഷൻ്റെ സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് സിബി കുട്ടി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ പ്രസിഡൻ്റ് വി.ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, കെ.ദാമോദരൻ, കെ.ശ്രീവത്സൻ, പി.സുരേഷ് ബാബു, കെ.സദാശിവൻ, കെ.പി.കരുണൻ, സുനിൽകുമാർ കക്കുഴി, എം.അനീഷ് എന്നിവർ സംസാരിച്ചു.