ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്; കക്കറമുക്കിലെ അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ രണ്ട് പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിക്കും, ഡെപ്യൂട്ടി കലക്ടര്‍ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു


പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 15 കക്കറമുക്ക് ഡിവിഷനില്‍ ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും. സ്ത്രീ സംവരണ വാര്‍ഡാണ് കക്കറമുക്ക്.

ഉപതിരഞ്ഞെടുപ്പിന് നാമ നിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി ഒന്‍പതാണ്. ഫെബ്രുവരി പത്തിന് നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 13 ആണ്. പോളിംഗ് സാമഗ്രികളുടെ വിതരണം ഫെബ്രുവരി 27ന് നടത്തും. മാര്‍ച്ച് 1 ന് രാവിലെ 10 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

ജില്ലയില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍ കെ. ഹിമയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ വരണാധിക്കാരിക്ക് നിര്‍ദേശം നല്‍കി. നോമിനേഷന്‍ വിവരങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ലഭ്യമാക്കും. ഉപതിരഞ്ഞെടുപ്പില്‍ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനായി ജില്ല റൂറല്‍ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ചെറുവണ്ണൂര്‍ കക്കറമുക്കിലെ അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ രണ്ട് പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിക്കും. പോളിംഗ് വിതരണ- സ്വീകരണ -സ്‌ട്രോങ്ങ് റൂമും വോട്ടെണ്ണല്‍ കേന്ദ്രവും ചെറുവണ്ണൂരിലെ ഫിസിയോതെറാപ്പി സെന്ററാണ്.

യോഗത്തില്‍ എ ഇ ഒ ഓഫീസ് മേലടിയിലെ സീനിയര്‍ സൂപ്രണ്ടും വരണാധികാരിയുമായ ഷാജു എ.ജി, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും ഉപവരണാധികാരിയായ രാമചന്ദ്രന്‍ എം തുടങ്ങിയവര്‍ പങ്കെടുത്തു.