കീഴ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദിനെ ഇടിച്ച കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞു; കായണ്ണ സ്വദേശി അറസ്റ്റില്‍


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദി(21)ന്റെ മരണത്തിന് ഇടയാക്കിയ വാഹനവും ഡ്രൈവറെയും തിരിച്ചറിഞ്ഞു. കായണ്ണബസാര്‍ സ്വദേശി കുറുപ്പന്‍വീട്ടില്‍ പ്രബീഷ് (42) ഓടിച്ച വെള്ള നിറത്തിലുള്ള കാറാണ് നിവേദിനെ ഇടിച്ചതെന്ന് മേപ്പയ്യൂര്‍ പൊലീസ് അറിയിച്ചു. പ്രബീഷിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

പ്രബീഷിന്റെ കെ.എല്‍ 01AE284 മാരുതി കാറാണ് നിവേദിനെ ഇടിച്ചത്. ഇടിച്ച സമയത്ത് കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല.

മെയ് 21ന് രാത്രി എരവട്ടൂര്‍ ചേനായി റോഡിനടുത്തുണ്ടായ വാഹനാപകടത്തിലായിരുന്നു യുവാവ് മരിച്ചത്. പേരാമ്പ്ര ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായ യുവാവിനെ ജോലികഴിഞ്ഞ് രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകവെ അമിതവേഗത്തിലെത്തിയ കാറിടിച്ചുതെറിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കാര്‍ കണ്ടെത്താനായിരുന്നില്ല. പിന്നീട് മേപ്പയ്യൂര്‍ പൊലീസ് കേസ് ഏറ്റെടുക്കുകയും സി.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. സംശയം തോന്നി നിരവധി വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തെങ്കിലും അപകടത്തിനിടയാക്കിയ കാര്‍ കണ്ടെത്താനായിരുന്നില്ല. ദിവസങ്ങള്‍ക്കു മുമ്പാണ് അപകടത്തിന് ദൃക്‌സാക്ഷിയായിരുന്ന കുറ്റ്യാടി വടയം സ്വദേശി സീനയെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്.

എരവട്ടൂര്‍ ഭാഗത്തുനിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് നിവേദിനെ ഇടിച്ചതെന്നാണ് സീന നല്‍കിയ വിവരം. എന്നാല്‍ കാറിന്റെ നിറം സീനയ്ക്ക് ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. നിവേദിനെ ഇടിച്ചുതെറിപ്പിച്ചശേഷം അല്പം ദൂരെയായി നിര്‍ത്തിയ കാര്‍ ഡ്രൈവറെ സഹായം അഭ്യര്‍ത്ഥിച്ച് താന്‍ കൈകൊണ്ട് മാടിവിളിച്ചെങ്കിലും വീണ്ടും വണ്ടിയെടുത്ത് പോകുകയായിരുന്നുവെന്നാണ് സീന പറഞ്ഞത്.