ഒട്ടുമിക്ക വളവുകളും നിവര്‍ത്തും, വെള്ളക്കെട്ടിനും പരിഹാരമാകും; മേപ്പയ്യൂര്‍-കൊല്ലം റോഡ് നവീകരണത്തിനുള്ള ആദ്യഘട്ട സര്‍വ്വേ നടപടികള്‍ തുടങ്ങി


മേപ്പയ്യൂര്‍: കൊല്ലം-മേപ്പയ്യൂര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഭൂമിയേറ്റെടുക്കലിന് മുന്നോടിയായുള്ള നടപടി തുടങ്ങി. ഭൂമിയേറ്റെടുക്കുന്നതിനായുള്ള സര്‍വ്വേ നടപടികളാണ് ഇപ്പോള്‍ തുടങ്ങിയത്.

9.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ സര്‍വേ നടപടികളാണ് ആരംഭിച്ചത്. നിലവിലെ റോഡിന്റെ സെന്റര്‍ ലൈന്‍ മാര്‍ക്കിങ് ആണ് നടക്കുന്നത്. ഈ ലൈന്‍ മാര്‍ക്കില്‍നിന്ന് 5 മീറ്റര്‍ വീതം ഇരു വശത്തേക്കുമാണു റോഡ് വികസനം. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് മേല്‍നോട്ട ചുമതല.

നെല്ല്യാടി പാലം മുതല്‍ മേപ്പയ്യൂര്‍ വരെയുള്ള സെന്റര്‍ ലൈന്‍ മാര്‍ക്കിങ് നടപടികള്‍ പൂര്‍ത്തിയായതായി മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സെന്റര്‍മാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്നും ഇരുവശത്തേക്കും അഞ്ച് മീറ്റര്‍ അളന്ന് അതിരുകള്‍ നിശ്ചയിച്ച് കല്ലിടുന്നതാണ് അടുത്തഘട്ടത്തില്‍ ചെയ്യുക. അടുത്ത ആഴ്ചതന്നെ കല്ലിടല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷമാണ് ഭൂമിയേറ്റെടുക്കല്‍ നടപടികളിലേക്ക് പോകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

വിയ്യൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍, മേപ്പയൂര്‍ എന്നീ നാലു വില്ലേജുകളിലെ മൊത്തം 16555 ഹെക്ടര്‍ ഭൂമി നവീകരണത്തിനായി ഏറ്റെടുക്കും. റോഡിന്റെ ഇരുഭാഗത്തും ഡ്രെയിനേജ് സംവിധാനം ഉണ്ടാവും. 20 കള്‍വര്‍ട്ടുകള്‍ പുതുതായി പണിയും. 19 എണ്ണത്തിന്റെ നീളം വര്‍ധിപ്പിക്കും. 22 ബസ് ഷെല്‍റ്ററുകളും നിര്‍മിക്കും.

38,98,57866 കോടി രൂപയാണ് വകയിരുത്തിയത്. ദേശീയ പാതയില്‍ കൊല്ലത്ത് നിന്ന് തുടങ്ങുന്ന റോഡില്‍ പലയിടത്തും വളവും തിരിവുമാണ്. ഒട്ടുമിക്ക വളവുകളും നിവര്‍ത്തിയായിരിക്കും റോഡ് നവീകരണം.

കീഴരിയൂര്‍ മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമായ കല്ലങ്കി, വടേകൊടക്കാട്ട് താഴെ വളവുകളും നിവര്‍ത്തും. സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയത്.

1.655 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുക. ഇതിനുള്ള ഗസറ്റ് വിജ്ഞാപനം ഏപ്രിലില്‍ പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമം അനുസരിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കുക. കല്ലിടലിനുശേഷം ഭൂമിവില നിശ്ചയിച്ച് തുടര്‍നടപടി പൂര്‍ത്തയാക്കും. ഒരു സ്‌കൂള്‍ കെട്ടിടം, വീട്, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഏറ്റെടുക്കേണ്ട സ്ഥലത്തില്‍ വരുന്നുണ്ട്.

5.5മീറ്റര്‍വീതിയിലാണ് നിലവിലെ റോഡ്. ഇത് പത്ത്മീറ്ററാക്കിയാണ് പുനര്‍നിര്‍മിക്കുക. ടാറിങ് മാത്രം ഏഴുമീറ്ററുണ്ടാകും. പ്രധാനകവലകളില്‍ നടപ്പാതയില്‍ ടൈല്‍പതിച്ച് ഹാന്റ് റെയില്‍ സ്ഥാപിക്കും. ബസ് സ്റ്റോപ്പുകളും നിര്‍മ്മിക്കും.

നന്തി – ചെങ്ങോട്ടുകാവ് ബൈപാസ് കടന്നു പോകുന്നതും കൊല്ലം മേപ്പയൂര്‍ റോഡിലൂടെയാണ്. ഇവിടെ അണ്ടര്‍പാസ് നിര്‍മാണത്തിന്റെ പണി അവസാന ഘട്ടത്തിലാണ്.