വായനയുടെ സര്‍ഗ്ഗവസന്തം തീര്‍ക്കാന്‍ മാതൃവിദ്യാലയത്തിലേയ്ക്ക് വീണ്ടും; അവാര്‍ഡ് തുകയ്ക്ക് പുസ്തകങ്ങളുമായി നെടുംപൊയില്‍ ബി.കെ.നായര്‍ മെമ്മാറിയല്‍ യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കാണാനെത്തി പൂര്‍വ്വ വിദ്യാര്‍ത്ഥിയും സാഹിത്യകാരനുമായ സി.എം. മുരളീധരന്‍


കൊഴുക്കല്ലൂര്‍: ബി.കെ.നായര്‍ മെമ്മാറിയല്‍ യു.പി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ സി.എം മുരളീധരന്‍ സ്‌കൂളിലെത്തിയത് കൈനിറയെ പുസ്തകങ്ങളുമായായിരുന്നു. താന്‍ പഠിച്ച സ്‌കൂളിലെ കുരുന്നുകള്‍ക്ക് അറിവുപകരാനായി തനിക്കു ലഭിച്ച അവാര്‍ഡ് തുകയ്ക്ക് പുസ്തകങ്ങള്‍ വാങ്ങി അവരെ കാണാനെത്തിയതായിരുന്നു അദ്ദേഹം.

കേരള സര്‍വകലാശാലയിലെ കേരളപഠനവിഭാഗം നല്‍കുന്ന പുതുശ്ശേരി രാമചന്ദ്രന്റെ പേരിലുള്ള പുരസ്‌കാരത്തില്‍ നിന്നുള്ള അവാര്‍ഡ് തുകയുടെ പുസ്തകങ്ങളുമായാണ് അദ്ദേഹം വിദ്യാലയത്തിലെത്തിയത്. കുട്ടികളുമായി അല്‍പ്പസമയം ചെലവഴിച്ച് മടങ്ങുമ്പോള്‍ അവര്‍ക്കേറെ പ്രിയങ്കരനായ യുറീക്കാമാമന്‍ സ്‌കൂളിലെത്തിയ സന്തോഷത്തിലായിരുന്നു കുട്ടികകള്‍.

സാഹിത്യകാരനും സംസ്‌ക്കാരിക പ്രവര്‍ത്തകനുമായ അദ്ദേഹം ശാസ്ത്രസാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ടിച്ച വ്യക്തിയാണ്. നവസാങ്കേതികതയും മലയാളത്തിന്റെ സാധ്യതകളും എന്ന വിഷയത്തില്‍ ഗവേഷകവിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രബന്ധമത്സരത്തിനാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്.