‘വയ്യാതെ കിടക്കുന്നയാളാണ്, അച്ഛനെ ഒന്നും ചെയ്യരുത്’ – പോലീസുകാരും പറഞ്ഞു, പക്ഷേ അച്ഛനാണെന്ന കാരുണ്യംപോലും കാണിക്കാതെ ഷൈന്‍ ആഞ്ഞുകുത്തുകയായിരുന്നു; എരഞ്ഞിപ്പാലത്ത് അച്ഛനെയും അമ്മയെയും കത്തികൊണ്ട് കുത്തിയ മകന്‍ നഗരത്തിലെ മയക്കുമരുന്നുസംഘത്തില്‍പ്പെട്ടയാളെന്ന് പോലീസ്



കോഴിക്കോട്: മോനേ, ഒന്നും ചെയ്യല്ലേ…എന്ന് കേണുപറഞ്ഞ് ഷാജി കരയുന്നുണ്ടായിരുന്നു. പക്ഷേ, മയക്കുമരുന്നിന്റെ ലഹരിയില്‍ മകന്‍ ഷൈന്‍ ആ കരച്ചില്‍ കേട്ടതേയില്ല. കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലത്തായിരുന്നു സംഭവം. ലഹരിക്കടിമയായ മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കട്ടിലില്‍ വയ്യാതെ കിടന്നിരുന്ന അച്ഛന്റെ കഴുത്തിലും മുഖത്തും നെഞ്ചിലുമായി ആഞ്ഞുകുത്തി. ‘വയ്യാതെ കിടക്കുന്നയാളാണ്, അച്ഛനെ ഒന്നും ചെയ്യരുതെന്ന്’ പോലീസുകാരും പറയുന്നുണ്ടായിരുന്നു. പക്ഷേ, അച്ഛനാണെന്ന കാരുണ്യംപോലും ഷൈനിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

ഷൈന്‍ കുത്താന്‍വരുമ്പോള്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന അച്ഛന്‍ കട്ടിലിന്റെ മൂലയിലേക്ക് നീങ്ങുന്നുണ്ടായിരുന്നു. ആവുംവിധം തടുക്കുന്നുണ്ടായിരുന്നെങ്കിലും ബലവാനായ മകന്റെ മുന്നില്‍ അച്ഛന്റെ ചെറുത്തുനില്‍പ്പ് അധികം നീണ്ടില്ല. പോലീസ് വെടിവെച്ചിരുന്നില്ലായിരുന്നെങ്കില്‍ ഷാജിയുടെ അവസ്ഥ ഇതിലും ഗുരുതരമാകുമായിരുന്നു.

ഷൈനിന്റെ കാലിനുനേരെയാണ് പോലീസ് വെടിവെച്ചതെങ്കിലും ചുമരിലാണ് കൊണ്ടത്. കുത്തേറ്റ് പുളയുമ്പോഴുള്ള ഷാജിയുടെ അലറിക്കരച്ചില്‍ പരിസരമാകെ മുഴങ്ങുന്നുണ്ടായിരുന്നു. മകന്‍ സ്വയംമുറിവേല്‍പ്പിച്ച് മരിക്കരുതെന്ന് കരുതി വാതില്‍ തുറന്നുകൊടുത്ത അമ്മയോടും ഇതേ ക്രൂരതയാണ് ഷൈന്‍ ആവര്‍ത്തിച്ചത്. കുത്തേറ്റിട്ടും മകന്‍ കൊല്ലാന്‍വേണ്ടി ചെയ്തതായിരിക്കില്ല. അവന്റെ രൂപം മാറിപ്പോയതായിരിക്കുമെന്നായിരുന്നു ആശുപത്രികിടക്കയില്‍നിന്ന് അമ്മയുടെ പ്രതികരണം. അമ്മ ബിജിയെ ബീച്ചാശുപത്രിയില്‍ കൊണ്ടുചെന്നാക്കിയശേഷമാണ് അച്ഛന് മര്‍ദനമേല്‍ക്കുന്നത്.

മൂര്‍ച്ചയുള്ളതരം കത്തിയാണ് ഷൈനിന്റെ കൈയിലുണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. പോലീസ് എത്തുമ്പോള്‍ കത്തിയണച്ച് നടക്കുകയായിരുന്നു. ആദ്യംതന്നെ ഷൈനിനെ പോലീസ് ബലംപ്രയോഗിച്ച് തന്ത്രപൂര്‍വമാണ് കീഴടക്കിയത്. ഇതിനിടെ അടികൊണ്ട് പോലീസിന്റെ ലാത്തി മുറിഞ്ഞു.

ടൈല്‍സ്‌ജോലിക്കാരനായിരുന്ന ഷൈന്‍ പിന്നീടാണ് മയക്കുമരുന്നിന് അടിമയാവുന്നത്. കാക്കൂര്‍ പോലീസ് സ്റ്റേഷനില്‍ ഭവനഭേദന കേസില്‍ അറസ്റ്റിലായി രണ്ടാഴ്ച ജയിലില്‍ കിടന്നിട്ടുണ്ട്. തൃശ്ശൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനിലും ചേവായൂരിലും മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിനും കേസുണ്ട്.

ചേളന്നൂര്‍ സ്വദേശികളായ ഇവര്‍ മൂന്നുമാസം മുന്‍പാണ് എരഞ്ഞിപ്പാലത്ത് പാസ്പോര്‍ട്ട് ഓഫീസിനു സമീപത്ത് വാടകയ്ക്ക് താമസം തുടങ്ങിയത്. മകളുടെ വിവാഹത്തിനുവേണ്ടി ചേളന്നൂരിലെ വീടു വില്‍ക്കേണ്ടിവന്നപ്പോള്‍ ഇവിടേക്ക് മാറുകയായിരുന്നു. നഗരത്തിലെ മയക്കുമരുന്നുസംഘത്തില്‍ ഷൈനുമുണ്ടെന്നാണ് പോലീസ് പറയുന്നത്. നടക്കാവില്‍ കഴിഞ്ഞ ദിവസം കൂട്ടക്കവര്‍ച്ചയില്‍ അറസ്റ്റിലായ അഞ്ചുപേരുടെ സംഘവുമായി ഷൈനിനും ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.

വീഡിയോ കാണാം

summary: the police said that son stabbed his father and mother with a knife in eranjippalam was a member of drug gang