ദുര്‍ഗന്ധം സഹിക്കാനാവാതെ പ്രദേശവാസികള്‍ പിന്നിട്ടത് മണിക്കൂറുകള്‍; വാളൂര്‍- കരുവണ്ണൂര്‍ കൈക്കനാലില്‍ കക്കൂസ് മാലിന്യം ഒഴുക്കിയ സാമൂഹിക വിരുദ്ധരെ കണ്ടെത്താനായില്ല


കരുവണ്ണൂര്‍: വാളൂര്‍- കരുവണ്ണൂര്‍ കൈക്കനാലില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ ദുര്‍ഗന്ധം സഹിച്ച് നാട്ടുകാര്‍ തള്ളി നീക്കിയത് മണിക്കൂറുകളെന്ന് പ്രദേശവാസി സുരേഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലിന്റെ പുതിയപ്പുറത്തുതാഴെ, പുലിക്കോട്ട് താഴെ, ചാന്തോട്ടുതാഴെ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധര്‍ മാലിന്യം ഒഴുക്കിയിരിക്കുന്നത്.

സമാനമായ സംഭവ വാര്‍ഡില്‍ മുന്‍പും ഉണ്ടായതായും അദ്ദേഹം പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കും മുന്‍പ് വാര്‍ഡിലെ തന്നെ മറ്റൊരു വയല്‍ പ്രദേശത്തും അങ്ങനെ കക്കൂസ് മാലിന്യം തള്ളിയിരുന്നു. എന്നാല്‍ രണ്ടു സംഭവത്തിനു പിന്നിലും ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും പരാതിപ്പെട്ടു.

കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തില്‍ വെള്ളിയൂര്‍ ഭാഗത്തുനിന്നാണ് കക്കൂസ് മാലിന്യം ഒഴുക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നടുവണ്ണൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ സ്ഥലത്തെത്തി പരിശോധന നടത്തയിരുന്നു. തൊട്ടടുത്തുള്ള വീടുകളിലെ കിണറുകളില്‍ ബ്ലീച്ചിങ് പൗഡറിട്ട് വെള്ളം ശുചീകരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. കനാല്‍ വെള്ളത്തിന് അത്യാവശ്യം ഒഴുക്കുള്ള സമയമായതിനാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.