തീര്‍ത്ഥാടന ടൂറിസം ഭൂപടത്തില്‍ വടകരയിലെ ലോകനാര്‍കാവും; ചിത്ര ശില്പ കലാപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കാവിനുവേണ്ടി ഒരുങ്ങുന്നത് നാലരക്കോടിയോളം രൂപയുടെ പദ്ധതി



ടത്തനാടിന്റെ പെരുമയില്‍ നൂറ്റാണ്ടുകളുടെ പൈതൃകമുള്ള ലോകനാര്‍കാവ് ക്ഷേത്രം, ഇനി തീര്‍ഥാടന ടൂറിസത്തില്‍ ശ്രദ്ധനേടും. ‘പില്‍ഗ്രിം ടൂറിസം ഡെവലപ്‌മെന്റ് പ്രോജക്ട് അറ്റ് ലോകനാര്‍കാവ് ടെമ്പിള്‍’ പദ്ധതി ദ്രുതഗതിയില്‍ നടപ്പാക്കാന്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ സര്‍ഗാലയയും സാന്‍ഡ് ബാങ്ക്‌സും ലോകനാര്‍കാവും പയംകുറ്റിമലയും ഉള്‍പ്പെട്ട ടൂറിസം കോറിഡോറും യാഥാര്‍ഥ്യമാവും.

കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. ശുചിമുറിയോടുകൂടിയ 14 അതിഥി മുറികള്‍, 11 കിടക്കകളുള്ള ഡോര്‍മിറ്ററി, പൈതൃക കളരി എന്നിവ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ നിര്‍മിക്കും. നാലരക്കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചത്. പുതുക്കിയ ഭരണാനുമതി ലഭിച്ച പദ്ധതി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ഊരാളുങ്കല്‍ സൊസൈറ്റി.

കിഫ്ബിയുടെ 3.74 കോടി രൂപയുടെ പ്രവൃത്തികളും പുരോഗമിക്കുകയാണ്. തന്ത്രി മഠം നിര്‍മാണം, ഊട്ടുപുര നിര്‍മാണം, വിഷ്ണുക്ഷേത്രത്തിന് ചുറ്റുമുള്ള ഭാഗത്ത് കല്ല് പതിക്കല്‍, വലിയ ചിറയുടെ സംരക്ഷണഭിത്തി നിര്‍മാണം തുടങ്ങിയ പ്രവൃത്തികളാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2023 മാര്‍ച്ചോടെ ഈ പ്രവൃത്തിയും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

വടകരയില്‍ നിന്നും ഏകദേശം അഞ്ച് കിലോമീറ്റര്‍ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ലോകനാര്‍കാവ് ക്ഷേത്രത്തിലെ പ്രാചീന ശിലകള്‍, ആല്‍ത്തറ, ചുവര്‍ ചിത്രങ്ങള്‍, ദാരുശില്പങ്ങള്‍ എന്നിവ കേരളീയ കലാ പാരമ്പര്യത്തിന്റെ തനിമയും മനോഹാരിതയും വിളിച്ചോതുന്നതാണ്.

പ്രധാന ക്ഷേത്രം ഭഗവതി ക്ഷേത്രമാണ്. തൊട്ടു വടക്ക് ഭാഗത്തായി ശിവ ക്ഷേത്രവും അതിന് തൊട്ടടുത്തായി വിഷ്ണു ക്ഷേത്രവും ഉണ്ട്. താഴെ ക്ഷേത്രങ്ങള്‍ എന്നാണ് ഇവയെ സാധാരണ പറയുക. ദുര്‍ഗ, ശിവന്‍, വിഷ്ണു, എന്നീ മൂന്ന് ശക്തികളുടെ വൈഷ്ണവ ശാക്തേയ ശൈവ സങ്കല്പങ്ങളുടെ സമന്വയം സാക്ഷാത്കരിച്ച ഒരു അപൂര്‍വ ക്ഷേത്രമാണ് ലോകനാര്‍ കാവ്. ഗണപതി പ്രതിഷ്ഠയുള്ള അരയാല്‍ തറയും ശീതള ഛായ നല്‍കി ഭക്തരെ ആശ്വസിപ്പിക്കുന്ന കൂറ്റന്‍ പൈന്‍ മരങ്ങളും കൊന്ന മരങ്ങളും കാവിന് ചാരുതയേകുന്നു.

സമ്പന്നമായ ചിത്ര ശില്പകലാപാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ഇടമാണ് ലോകനാര്‍കാവ്. ചൈനയില്‍ നിന്നും കൊണ്ടുവന്ന പ്രത്യേകതരം കളിമണ്ണ് പൂശിയതാണ് ലോകനാര്‍കാവിലെ പുറം ഭിത്തി. ഇതില്‍ ദേവീ ദേവന്‍മാരുടെ ചിത്രങ്ങള്‍ വളരെ മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു. ഈ ചിത്രങ്ങള്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ വരച്ചവയാണെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള മുന്‍വാതിലിന്റെ പടിക്ക് തൊട്ട് മുമ്പില്‍ മനോഹരമായ ദൃശ്യാവിഷ്‌കാരമുണ്ട്.