തീപ്പിടുത്തത്തില്‍ കത്തിയതടക്കമുള്ള മാലിന്യങ്ങള്‍ കെട്ടികിടക്കുന്നു: പേരാമ്പ്ര എംസിഎഫ് പ്ലാന്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് നിലച്ചു, ദുരിതത്തിലായി വ്യാപാരികള്‍


പേരാമ്പ്ര: പേരാമ്പ്ര ടൗണിലെ മാലിന്യ കേന്ദ്രത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് നിലച്ചു. ഒരു മാസത്തിലേറെയായി ഇവിടെ നിന്ന് ഹരിത കര്‍മസേന മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ട്. ഇതോടെ ദുരിതത്തിലായിരിക്കുകയാണ് പേരാമ്പ്രയിലെ കച്ചവടക്കാര്‍. തീപ്പിടുത്തത്തില്‍ കത്തിയ മാലിന്യങ്ങളും വിവിധയിടങ്ങളില്‍ നിന്നും സംഭരിച്ച ഭൂരിഭാഗം തുണികളും ഉള്‍പ്പെടെ ഇവിടെ കെട്ടികിടക്കുന്ന അവസ്ഥയാണ്.

വാര്‍ഡുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതുള്‍പ്പെടെ നിര്‍ത്തി വെച്ചിരിക്കുകയാണ്. പേരാമ്പ്ര ടൗണിലെ കടകളിലെ മാലിന്യങ്ങളും ശേഖരിച്ചിട്ടും ദിവസങ്ങളായി. പല കടകളില്‍ നിന്ന് എടുത്ത മാലിന്യങ്ങള്‍ നഗരത്തിന്റെ പല ഭാഗങ്ങളിലായി കെട്ടി വെച്ചിരിക്കുന്ന നിലയിലാണ്.

പോലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് കത്തിയ മാലിന്യങ്ങള്‍ ഇവിടെ നിന്ന് നീക്കം ചെയ്യാത്തതെന്നും പോലീസിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ ഇവിടെ നിന്നും മാലിന്യങ്ങള്‍ നീക്കാന്‍ കഴിയുകയുള്ളൂവെന്നും പഞ്ചായത്ത് സെക്രട്ടറി എല്‍.എന്‍ ഷിജു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മറ്റൊരു താല്‍ക്കാലിക സൗകര്യം ഒരുക്കി തൊട്ടടുത്ത ദിവസം തന്നെ മാലിന്യങ്ങള്‍ ശേഖരിച്ച് തുടങ്ങുമെന്നും അറിയിച്ചു.

അതേസമയം നഗര ഹൃദയത്തിലെ എംസിഎഫ് പ്ലാന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളും യു.ഡി.എഫും രംഗത്തുണ്ട്. തീപ്പിടിത്തമുണ്ടായ എം.സിഎഫിലെ മാലിന്യങ്ങള്‍ എത്രയും പെട്ടെന്ന് നീക്കുമെന്ന് വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ആരോപണമുയരുന്നുണ്ട്.

കഴിഞ്ഞമാസം 13നാണ് പേരാമ്പ്ര ഇന്നര്‍ മാര്‍ക്കറ്റിലുള്ള മാലിന്യ സംഭരണ കേന്ദ്രത്തിലും സമീപത്തെ ബാദുഷ മെന്റല്‍സ് ആന്‍ഡ് ഹോം അപ്ലയന്‍സിലും തീപ്പിടുത്തമുണ്ടായത്.