നേരത്തെ പറഞ്ഞത് ഓരോ ആധാരങ്ങൾക്കും 15 ലക്ഷം രൂപയെന്ന്, ഇപ്പോൾ ഭൂമിയുടെ അളവ് നോക്കാതെ ഒരു റേഷൻ കാർഡിനെ ഒരു യൂണിറ്റായി കണ്ട് 15 ലക്ഷം രൂപ നഷ്ടം നൽകുമെന്നും; ചക്കിട്ടപ്പാറയിലെ കർഷകരിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി വി.ഫാം സംഘടന


പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിൽ കർഷകരിൽ നിന്ന് ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നാലാം വാർഡിൽ ഉൾപ്പെട്ട ഉൾപ്പെട്ട പൂഴിത്തോട്, മാവട്ടം , കരിങ്കണ്ണി, താളിപ്പാറ , രാണ്ടാംചീളി എന്നീ പ്രദേശങ്ങളിലെ കർഷകരെ കബളിപ്പിച്ച് തുച്ഛമായ വിലക്ക് ഭൂമി ഏറ്റെടുത്ത് വനവിസ്തൃതി വർദ്ധിപ്പിക്കുന്ന വനം വകുപ്പിന്റെ നടപടിക്ക് ഇടത് വലത് മുന്നണികളുടെ പിന്തുണ പ്രതിഷേധാർഹമാണെന്ന് വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ ആരോപിച്ചു. നിലവിൽ 200 ഏക്കലധികം ഭൂമിയാണ് സ്ഥലം എം.എൽ.എ ടി.പി രാമകൃഷണന്റെ സാന്നിധ്യത്തിൽ ഏറ്റെടുക്കാൻ ധാരണയായത്. ഇതിനായി സർക്കാർ ചില വഴിക്കുന്നത് 16 കോടി രൂപയിലധികമാണ്.

അഞ്ച് സെന്റ് സ്ഥലം ഉള്ളവർക്കും അഞ്ചേക്കർ ഭൂമിയുള്ളവർക്കും 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകുന്നത്. ഓരോ ആധാരങ്ങൾക്കും 15 ലക്ഷം രൂപവെച്ച് നൽകുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഭൂമിയുടെ അളവോ കിടപ്പോ നോക്കാതെ ഒരു റേഷൻ കാർഡിനെ ഒരു യൂണിറ്റായി കണ്ട് 15 ലക്ഷം രൂപ നഷ്ടം നൽകുമെന്നാണ് നിലവിൽ ധാരണയായത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുത്ത് വനംവകുപ്പിന് കൈമാറുന്ന ഈ പദ്ധതി വന്യമൃഗശല്യത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കാൻ മാത്രമെ ഉതകുകയുള്ളൂ.വനത്തോട് ചേർന്ന് കിടക്കുന്ന ഭൂമികളിൽ വന്യമൃഗശല്യം കാരണം കൃഷി ചെയ്യാൻ കഴിയാതെ വരുന്ന കർഷകർ കിട്ടുന്ന വിലക്ക് ഭൂമി വിൽക്കാൻ നിർബന്ധിതരായ അവസരം മുതലാക്കിയാണ് സർക്കാറും വനംവകുപ്പും കബളിപ്പിക്കൽ പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നതെന്നും സംഘടന ആരോപിച്ചു.

മലബാർ വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന പ്രദേശം നിലവിൽ ബഫർ സോണിൽ ഉൾപ്പെട്ടിരിക്കയാണ്. 200 ഏക്കറിലധികം ഭൂമി വനം വകുപ്പ് ഏറ്റെടുക്കുന്നതോടെ സ്വകാര്യ ഭൂമികൾ വനമായി മാറുകയും വനാതിർത്തി വീണ്ടും താഴോട്ട് ഇറങ്ങുകയുമാണ് ചെയ്യുക. വനമായി മാറുന്ന സ്വകാര്യ ഭൂമികളിലൂടെ വന്യമൃഗങ്ങൾ യഥേഷ്ടം സഞ്ചരിക്കുകയും, അവ താഴ്ഭാഗങ്ങളിലുള്ള കൃഷി ഭൂമികൾക്ക് കൂടുതൽ നാശങ്ങൾ സംഭവിപ്പിക്കാൻ സാധ്യത ഏറെയാണ്. സർക്കാർ ഏറ്റെടുത്ത് വനം വകുപ്പിന് കൈമാറുന്ന സ്ഥലങ്ങളുടെ അതിരുകളിൽ നിന്നാവാം മലബാർ വന്യജീവി സങ്കേതത്തിന്റെ ബഫർമോൺ പരിധി ഇനി വരാൻ പോവുക. അങ്ങനെ സംഭവിക്കുന്നപക്ഷം നിലവിൽ ബഫർ സോണിൽ പെടാത്ത നിരവധി വീടുകളും കൃഷിയിടങ്ങളും ബഫർസോണിൽ പെടാനും ദൂരവ്യാപകമായ നഷ്ടങ്ങൾ സംഭവിക്കാനും ഇടയാവുന്നതാണ്.

കർഷകരുടെ കൈവശമുള്ളതും ഏറ്റെടുക്കാൻ പോവുന്നതുമായ ഭൂമിയുടെ അളവും , കിടപ്പും അനുസരിച്ച് നഷ്ടപരിഹാര തുക ഉയർത്താൻ സർക്കാർ തയ്യാറാവണമെന്നും, സർക്കാർ ഏറ്റെടുക്കുന്ന ഭൂമി വനം വകുപ്പിന് കൈമാറാതെ റവന്യു ഭൂമിയാക്കി സംരക്ഷിക്കണമെന്നും വി.ഫാം സംസ്ഥാന ചെയർമാൻ ജോയി കണ്ണൻച്ചിറ ആവശ്യപ്പെട്ടു.