ഡോൾഫിന്റെ ജഡം നീക്കം ചെയ്യുന്നതിനിടെ അപകടം; കടൽഭിത്തിയിൽ വീണ വടകര സ്വദേശി മരിച്ചു


വടകര: കരയ്ക്കടിഞ്ഞ ഡോൾഫിനെ ജഡം നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കടൽഭിത്തിയിൽ വീണു മധ്യവയസ്‌കൻ മരിച്ചു. പുറങ്കര വളപ്പിലെ എരഞ്ഞിക്കവളപ്പിൽ മനാഫ് ആണ് മരിച്ചത്. നാല്പത്തിയാറു വയസ്സായിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

പുറങ്കരയ്ക്ക് സമീപം ഇന്നലെ ഉച്ചയോടെയാണ് ഡോൾഫിന്റെ ജഡം അടിഞ്ഞത്. എരഞ്ഞിക്ക വളപ്പിൽ മനാഫിന്റെ വീടിനോടു ചേർന്നുള്ള കടൽഭിത്തിയിൽ ആണ് ജഡം അടിഞ്ഞത്. വീടിന്റെ സമീപത്തു നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ സംഭവം അന്വേഷിക്കാൻ ഇയാൾ നാട്ടുകാർക്കൊപ്പം എത്തിയപ്പോഴാണ് ഡോൾഫിൻ ചത്തു കിടക്കുന്നത് കണ്ടത്.

സ്ഥലത്തെത്തിയ മനാഫ് ചത്ത ഡോൾഫിനെ തീരത്തു നിന്ന് നീക്കാനായി തിരിച്ച് കടലിലേക്കുതന്നെ തള്ളാനായി ശ്രമിക്കുമാകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ കടൽ ഭിത്തിയിലേക്ക് വീഴുകയായിരുന്നു. കാൽ വഴുതി നെഞ്ചിടിച്ചാണ് മനാഫ് കടൽഭിത്തിയിലേക്ക് വീണത്.

ഇയാളെ ഉടനെ തന്നെ വടകര സഹകരണ ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശു പത്രിയിലും എത്തിച്ചു. രാത്രി എട്ടുമണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു.

ഡോൾഫിൻ കരയ്ക്കടിഞ്ഞതറിഞ്ഞ് വനംവകുപ്പു ഉദ്യോഗസ്ഥരും നഗരസഭാധികൃതരും തീരദേശപോലീസും സ്ഥലത്തെത്തി. മൂന്നു മീറ്ററോളം നീളമുള്ള ഡോൾഫിന്റെ ജഡം ഫോറസ്റ്റ് അധികൃതർ രാത്രി തന്നെ ഫോറസ്റ്റ് ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മണ്ണുമാന്തിയുടെ സഹായത്തോടെ കുഴിയെടുത്ത് കുഴിച്ചിട്ടു.

ഭാര്യ: സക്കീന മക്കൾ: സ മുസ്താ ക്ക്. മാതാവ്: ഐ. പിതാവ്: പരേതനായ ഇബ്രാഹിം. സഹോദരങ്ങൾ കരീം, ബഷീർ, അഷ്റഫ്, അസീസ്, റഷീദ്, ബദരിയ്യ, ഷാഹിദ. മനാഫിന്റെ മരണം നാട്ടുകാർക്കോ വീട്ടുകാർക്കോ ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.