കരിപ്പൂരില്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തി; കുന്നമംഗലം സ്വദേശിയായ യുവതി പിടിയില്‍, കുടുക്കിയത് പൊലീസിന്റെ ജാഗ്രത


കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. കുന്നമംഗലം സ്വദേശി ഷബ്നയാണ് അറസ്റ്റിലായത്. വസ്ത്രത്തിനുള്ളില്‍ സ്വര്‍ണം മിശ്രിത രൂപത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ പിടിയിലായത്.

1.17കോടി രൂപയോളം വിലവരുന്ന 1884 ഗ്രാം സ്വര്‍ണം ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഇന്നലെ സന്ധ്യയോടെയാണ് ഇവര്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും പൊലീസ് പരിശോധനയില്‍ പിടിയിലാവുകയായിരുന്നു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഷബ്നയെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും സ്വര്‍ണം ഉള്ളതായി ഇവര്‍ സമ്മതിച്ചില്ല. ലഗേജുകളും വസ്ത്രങ്ങളും പരിശോധിച്ചെങ്കിലും ഇഴരില്‍ നിന്ന് സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് ഡോര്‍ പോക്കറ്റില്‍ നിന്ന് സ്വര്‍ണമിശ്രിതം ലഭിച്ചത്.

വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ ഷബ്ന സ്വര്‍ണം ഹാന്‍ഡ് ബാഗിലേക്ക് മാറ്റുകയും ഈ ബാഗ് കാറിന്റെ ഡോര്‍ പോക്കറ്റില്‍ നിക്ഷേപിക്കുകയുമായിരുന്നു.