താമരശേരിയില്‍ നടുറോഡില്‍ വെട്ടുകത്തിയുമായി ആക്രമിക്കാനൊരുങ്ങിയ സംഭവം: രണ്ട് പ്രതികളും പിടിയില്‍, കേസെടുത്തത് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി


താമരശ്ശേരി: കാരാടിയില്‍ നടുറോഡില്‍ വെട്ടുകത്തിയുമായെത്തി കാര്‍ യാത്രികരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളും പിടിയിലായി. താമരശ്ശേരി ഉല്ലാസ് കോളനിയില്‍ മുഹമ്മദ് ഫഹദ് (23), കൊടുവള്ളി മാനിപുരം പടിപ്പുരക്കല്‍ ലക്ഷംവീട് കോളനിയില്‍ സുനന്ദ് (28) എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

താമരശ്ശേരിയില്‍ ദേശീയപാതയില്‍ നിന്ന് അണ്ടോണ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ഫഹദും സുനന്ദും എത്തിയ സ്‌കൂട്ടര്‍ പുത്തൂര്‍ സ്വദേശി സഞ്ചരിച്ച കാറില്‍ ഉരസിയെന്ന് പറഞ്ഞായിരുന്നു വാക്കേറ്റത്തിന്റെ തുടക്കം. വാക്കേറ്റത്തിനൊടുവില്‍ നടുറോഡില്‍ വെട്ടുകത്തി പുറത്തെടുത്ത് ആക്രോശിക്കുകയായിരുന്നു.

വെട്ടുകത്തിയെടുത്ത് പുറംഭാഗത്തോട് ചേര്‍ത്ത് പിറകില്‍ പിടിച്ച് ഫഹദ് കാറിനുനേരെ നടന്നടുക്കുകയും ആക്രമിക്കാനൊരുങ്ങുകയുമായിരുന്നെന്നാണ് പരാതി.

പ്രശ്‌നത്തില്‍ നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടതിനാലാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. നാട്ടുകാര്‍ തടഞ്ഞുവെച്ച ഫഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട സുനന്ദ് പിന്നീട് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.