കാപ്പാട് ബീച്ച് ഗ്രീൻകാർപ്പെറ്റ് പദ്ധതി മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും


ചേമഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഗ്രീൻകാർപ്പെറ്റ് പദ്ധതി കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ നാളെ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കെ.ദാസൻ എം.എൽ.എ മറ്റ് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും ഉദ്ഘാടന ചടങ്ങെന്ന് കെ.ദാസൻ പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രീൻ കാർപ്പെറ്റ്. ശുദ്ധമായ കുടിവെള്ളം, ശാസ്ത്രീയമായ മാലിന്യ നിർമാർജനം, വൃത്തിയുള്ള ടോയ്ലറ്റ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഗ്രീൻ കാർപ്പെറ്റ് പദ്ധതിയിൽ ഉണ്ട്. 99.75 ലക്ഷം രൂപയാണ് നിർമ്മാണങ്ങൾക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത്. വിനോദ സഞ്ചാര വകുപ്പ്, കോഴിക്കോട് ഡിടിപിസി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിർവ്വഹണ ഏജൻസി വാപ്കോസ് ആണ്.

ജനുവരി 5ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗ്രീൻകാർപ്പെറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെക്കുകയായിരുന്നു. ബ്ലൂ ഫ്ലാഗ് ലഭിച്ചിട്ടുള്ള കാപ്പാട് തീരത്ത് വിദേശസഞ്ചാരികൾക്ക് കൂടി ഉപയോഗപ്പെടുന്ന രീതിയിലാണ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.