കീഴരിയൂര്‍ വീണ്ടും ചുവന്നു; യുഡിഎഫിന് സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ടു


കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് കൂടി പിടിച്ചെടുത്താണ് എല്‍ഡിഎഫ് വിജയം ആവര്‍ത്തിച്ചത്. ഒന്‍പതാം വാര്‍ഡിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയത്.

ആകെ 13 സീറ്റുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ എട്ടിടത്ത് ഇത്തവണ ഇടതു മുന്നണി ജയിച്ചു. കഴിഞ്ഞ തവണ ഏഴ് സീറ്റ് എല്‍ഡിഎഫിനും ആറ്‌സീറ്റ് യുഡിഎഫിനുമായിരുന്നു. സിറ്റിംഗ് സീറ്റായ പത്താം വാര്‍ഡില്‍ 139 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ത്ഥി സുനില്‍ എന്‍.എം എല്‍ഡിഎഫ് വിജയിച്ചു. ഈ വാര്‍ഡില്‍ യുഡിഎഫ് വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെ കോട്ട ഇത്തവണയും കൂടെ നിന്നു.

കീഴരിയൂര്‍ പഞ്ചായത്ത് കൂടി ചേരുന്ന മേലടി ബ്ലോക്ക് പഞ്ചായത്ത് നടുവത്തൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റം നടത്തി. കഴിഞ്ഞ തവണ യുഡിഎഫ് 600 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഡിവിഷനില്‍ എല്‍ഡിഎഫിലെ സുനിത ബാബു 23 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പഞ്ചായത്തിലെ പലയിടത്തും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടായിരുന്നവെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പഞ്ചായത്തില്‍ എന്‍ഡിഎയ്ക്ക് ഇത്തവണയും മുന്നേറ്റം നടത്താനായില്ല.

പഞ്ചായത്തില്‍ ആറ് മുതല്‍ ഒന്‍പത് വരെ സീറ്റ് എല്‍ഡിഎഫ് വിജയിക്കുമെന്നും ഭരണത്തിലെത്തുമെന്നും വോട്ടെടുപ്പിന് ശേഷം പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ ഫലത്തില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോം പ്രവചിച്ചിരുന്നു. അത് ശരിയായി. എന്നാല്‍ പത്താം വാര്‍ഡില്‍ ഫലം പ്രവചനാതീതമാണ് എന്ന വിലയിരുത്തല്‍ തെറ്റി.