കൃഷിനാശം; കർഷകരെ സഹായിക്കണമെന്ന് കർഷകസംഘം


കൊയിലാണ്ടി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കർഷകസംഘം കൊയിലാണ്ടി ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.

മുപ്പത് ഏക്കറോളം നെൽകൃഷി വെള്ളം കയറി നശിച്ച വിയ്യൂർ കക്കുളം പാടശേഖരം സന്ദർശിച്ച ശേഷം കൊയിലാണ്ടി കൃഷി ഭവനിലെത്തി കൃഷി ഓഫീസർക്ക് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. നഷ്ടം സംഭവിച്ച കൃഷിക്കാർക്ക് പരമാവധി സഹായം ഉറപ്പുവരുത്തുമെന്ന് കൃഷി ഓഫീസർ ഉറപ്പു നൽകിയതായി നേതാക്കൾ പറഞ്ഞു. കർഷകസംഘം സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു, നഗരസഭ കൗൺസിലർ ലിൻസി, കെ.ബാലൻ നായർ, ധർമ്മൻ, ആർ.പ്രമോദ് എന്നിവർ പങ്കെടുത്തു.

അപ്രതീക്ഷിതമായി എത്തിയ മഴയിൽ വിയ്യൂര്‍ കക്കുളം പാടശേഖരത്ത് കര്‍ഷകര്‍ കൊയ്‌തെടുത്ത് സൂക്ഷിച്ച നെല്‍കറ്റകൾ ഏറെയും നശിക്കുകയായിരുന്നു. വയലില്‍ ടാര്‍പോളിന്‍ ഷീറ്റിട്ട് മൂടിയ കറ്റകള്‍ വെളളം കയറിയതിനെ തുടര്‍ന്നാണ് നശിച്ചത്. കറ്റകള്‍ മെതിക്കാനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. അപ്പഴാണ് മഴ അപ്രതീക്ഷിതമായി പെയ്തത്.

അരിക്കുളം കണ്ണമ്പത്ത് വയലില്‍ വിളഞ്ഞു കിടക്കുന്ന നെല്ലാണ് വെളളം കയറി നശിച്ചത്. സാധാരണ മന്‍കാലങ്ങളിലൊന്നും ജനുവരി മാസമുണ്ടാകുന്ന മഴയില്‍ നെല്‍കൃഷി നശിച്ചു പോകാറില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക