കൊണ്ടാടുംപടിയിൽ നിന്ന് ആദ്യ അവകാശവരവെത്തി; പിഷാരികാവിൽ ഉത്സവമേളം


കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായ ആദ്യ അവകാശ വരവ് ക്ഷേത്രസന്നിധിയിൽ എത്തി. കൊല്ലം ശ്രീ കൊണ്ടാടും പടിക്ഷേത്രത്തിൽ നിന്നാണ് പിഷാരികാവിലേക്ക് എത്തുന്ന ആദ്യ അവകാശ വരവ്. ഈ വരവ് ക്ഷേത്ര സന്നിധിയിലെത്തിയ ശേഷമേ മറ്റു വരവുകൾ കാവിലെത്തുക പതിവുള്ളൂ.

വടക്കെ മലബാറിലെ പൂരമെന്ന് കേൾവികേട്ട ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ പുണ്യ ദിനങ്ങളിൽ കൊല്ലത്തിന്റെ പ്രവേശന കവാടത്തിൽ ഭക്തർക്ക് സ്വാഗതമേകി വരവേൽക്കാൻ ശ്രീ കൊണ്ടാടുംപടി പുതുമോടിയണിഞ്ഞ് ശോഭിക്കുന്നു. കാളിയാട്ട ദിനങ്ങൾ ഇവിടെയും ഉത്സവനാളുകളാണ്. ഇവിടെ നിന്നും പിഷാരികാവിലേക്ക് അവകാശ വരവുണ്ട്.

കാവിൽ നിന്നും കൊടിക്കൂറയും കൊടിമരവും കൊണ്ടുവന്ന് കൊടിയേറ്റം നടത്തിയതിനു ശേഷമാണ് ഇവിടെ നിന്നുള്ള വരവ് ശ്രീ പിഷാരികാവിലേക്ക് യാത്രയാവുന്നത്. ഈ വരവ് ക്ഷേത്ര സന്നിധിയിലെത്തിയ ശേഷമേ മറ്റു വരവുകൾ കാവിലെത്തുക പതിവുള്ളൂ. കാളിയാട്ട മഹോത്സവത്തിന്റെ പര്യവസാന ചടങ്ങായ ഊരുചുറ്റൽ സമയത്ത് എഴുന്നെള്ളത്ത് കൊണ്ടാട്ടും പടിക്ഷേത്രത്തിന്റെ മുന്നിലൂടെ യാണ് കടന്നുപോവുന്നത്.

നാന്തകത്തിൽ ഭഗവതിയെ ആവാഹിച്ച് തെക്കൻ കൊല്ലത്തുനിന്നും യാത്ര തിരിച്ച വിഷഹാരിയും വണിക് സംഘവും വിശ്രമിച്ച സ്ഥലമാണ് ശ്രീ കൊണ്ടാടും പടി എന്ന് പഴമക്കാർ പറയുന്നുണ്ട്. ഇന്ന് ശ്രീ കൊണ്ടാടും പടി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അരയാൽ വൃക്ഷ ചുവട്ടിൽ വിളക്ക് തെളിയിക്കുന്ന സമ്പ്രദായമാണ് പണ്ട് ഉണ്ടായിരുന്നത്. ക്ഷേത്രത്തിന് തൊട്ടു മാറി എതിർ വശത്ത് സ്ഥിതി ചെയ്യുന്ന മുസ്ലീം പള്ളി മത മൈത്രിയുടെ ഉദാഹരണമായി നിലകൊള്ളുന്നു.