കൊയിലാണ്ടിയിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണും; നഗരസഭാ ചെയർപേഴ്സൺ


കൊയിലാണ്ടി: നഗരത്തിലെ വർധിച്ചു വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ ഒരുക്കുമെന്ന് പുതുതായി അധികാരമേറ്റ നഗരസഭാ ചെയർപേഴ്സൺ കെ പി സുധ പറഞ്ഞു. മാധ്യമ പ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവർ. റോഡരികിലെ പ്രവൃത്തി നടക്കുന്നതിനാലുള്ള താൽക്കാലിക കുരുക്ക് ഒഴിവാക്കാൻ ഗതാഗതം തിരിച്ചുവിടലടക്കമുള്ള കാര്യങ്ങൾ ചെയ്യും. ദേശീയ പാതാ വികസനം, ബൈപ്പാസ് നിർമ്മാണം, തീരദേശ റോഡുകളുടെ വികസനം എന്നിവ ഉൾപ്പെടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തും. നഗരത്തിൽ പാർക്കിംഗ് പ്ലാസ സ്ഥാപിക്കുകയും ട്രാഫിക് പരിഷ്ക്കാരം ശാസത്രീയമായി നടപ്പാക്കുകയും ചെയ്യും.

നഗരത്തിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്നും ഇതിനായി പൊതു ജനപങ്കാളിത്തത്തോടെ അറവുശാല, ശ്മശാനം എന്നിവ സ്ഥാപിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു. ബസ് ബേകളും കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരുക്കും. താലൂക്കാശുപത്രിയെ ജില്ലാ നിലവാരമുള്ള ഹെൽത്തി ഹോസ്പിറ്റലാക്കി മാറ്റും. ആറുമാസം കൊണ്ട് പ്രസവ രക്ഷാകേന്ദ്രം പൂർത്തീകരിച്ച് മാതൃ ശിശു സംരക്ഷണ സംവിധാനം ഒരുക്കും. സമ്പൂർണ്ണ മാലിന്യ മുക്തനഗരമാക്കി കൊയിലാണ്ടിയെ മാറ്റും. നഗരസഭയിലാകെ ശുദ്ധജലം നൽകുന്നതിന് കിഫ്ബി പദ്ധതി പ്രകാരം ആരംഭിച്ച കുടിവെള്ള പദ്ധതി പൂർത്തീകരിച്ച് വീടുകളിൽ കുടിവെള്ളമെത്തിക്കാൻ ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും അവർ പറഞ്ഞു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ, കൗൺസിലർ ഇ കെ അജിത്ത് എന്നിവരും മുഖാമുഖത്തിൽ പങ്കെടുത്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക