കോവിഡ് പടരുന്നു; ചെങ്ങോട്ട്കാവ് പഞ്ചായത്ത് ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു, നിയന്ത്രങ്ങൾ അറിയാം


കൊയിലാണ്ടി: ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്, മുക്കം നഗരസഭ എന്നിവയെ ക്രിട്ടിക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി ജില്ലാ കളക്ടർ എസ് സാംബശിവറാവു പ്രഖ്യാപിച്ചു.
ടെസ്റ്റ് പോസിറ്റീവ് നിരക്ക് 30 ശതമാനം കടന്ന സാഹചര്യത്തിലാണ് ഇവയെ ക്രിട്ടിക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്.

ഈ പ്രദേശങ്ങളിൽ ചികിത്സ ആവശ്യങ്ങൾ, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കല്ലാതെ
ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങരുത്. ഇവിടങ്ങളിൽ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് തുറന്നു പ്രവർത്തിക്കാം. അനുവദിക്കപ്പെട്ട കടകൾ രാത്രി ഏഴ് മണി വരെ തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകളിൽ രാത്രി ഒൻപത് മണി വരെ പാഴ്സൽ സംവിധാനം അനുവദനീയമാണ്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല.

അത്യാവശ്യ കാര്യങ്ങൾക്കോ ചികിത്സയുടെ ആവശ്യത്തിനോ അല്ലാതെ ഇത്തരം പ്രദേശങ്ങളിൽനിന്ന് പുറത്തേക്കോ മറ്റു പ്രദേശങ്ങളിൽനിന്ന് ഇവിടേയ്ക്കോ പ്രവേശിക്കാൻ അനുവാദമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ കുറയുന്നതു വരെ നിയന്ത്രണങ്ങൾ തുടരും. പോലീസ്, സെക്ടർ മജിസ്ട്രേറ്റ്, ക്ലസ്റ്റർ കമാൻഡർ എന്നിവർ നിയന്ത്രണങ്ങൾ കർശനമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ജില്ലാ പോലീസ് മേധാവികൾ, താലൂക്ക് ഇൻസിഡന്റ് കമാൻഡർ എന്നിവരുടെ കർശന നിരീക്ഷണവും ഉണ്ടാവും.

ഒളവണ്ണ, വേളം, പെരുവയൽ, ചേമഞ്ചേരി, കടലുണ്ടി, മാവൂർ, ഫറോക്ക്, പനങ്ങാട്, ഉള്ളിയേരി, കക്കോടി എന്നിവയെ നേരത്തെ ക്രിട്ടിക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആയി പ്രഖ്യാപിച്ചിരുന്നു.