ചേമഞ്ചേരിയില്‍ ഇത്തവണ നറുക്കെടുപ്പ് വേണ്ട; ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും


എല്‍ഡിഎഫ് – 12 മുതല്‍ 16 വരെ
യുഡിഎഫ് – നാല് മുതല്‍ എട്ട് വരെ
എന്‍ഡിഎ – പൂജ്യം

സ്വന്തം ലേഖകന്‍

പൂക്കാട്: ചേമഞ്ചേരി പഞ്ചായത്ത് ഇത്തവണയും ഇടതുപക്ഷം ഭരിക്കുമെന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോം എക്‌സിറ്റ് പോള്‍ ഫലം. ആകെയുള്ള 20 വാര്‍ഡുകളില്‍ 12 ഇടത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. നാലിടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്ന് വോട്ടര്‍മാര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. എന്നാല്‍ നാല് വാര്‍ഡുകളില്‍ അതിശക്തമായ മത്സരമാണ് നടക്കുന്നത്.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ പ്രസിഡന്റായിരുന്ന അശോകന്‍ കോട്ട് മത്സരിക്കുന്ന പത്തൊന്‍പതാം വാര്‍ഡാണ് ഇതില്‍ പ്രധാനം. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ഗള്‍ഫ്‌റോഡ് വാര്‍ഡില്‍ കനത്ത മത്സരമാണ് അശോകന്‍ കോട്ട് കാഴ്ചവെച്ചത്. മുസ്ലിം ലീഗിലെ അബ്ദുള്‍ ഹാരിസാണ് എതിര്‍ സ്ഥാനാര്‍ത്ഥി. ഏത് മുന്നണി ജയിച്ചാലും അന്‍പതില്‍ താഴെ മാത്രം വോട്ടിന്റെ ഭൂരിപക്ഷമേ ഇവിടെ പ്രതീക്ഷിക്കേണ്ടതുള്ളു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്കൊപ്പം പഞ്ചായത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളും അശോകന്‍ കോട്ടിന്റെ നേതൃത്വവും ഇടതു മുന്നണി ഇവിടെ ചര്‍ച്ചായാക്കിയിരുന്നു. സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരായ വിഷയങ്ങള്‍ യുഡിഎഫും ഉയര്‍ത്തി. എന്തായാലും ചേമഞ്ചേരിയില്‍ ഏറ്റവും കനത്ത മത്സരം നടന്നത് ഈ വാര്‍ഡിലാണ്. സിറ്റിംഗ് സീറ്റ് വിട്ട് യുഡിഎഫ് കോട്ട പിടിക്കാന്‍ ഇറങ്ങിത്തിരിച്ച അശോകന്‍ കോട്ട് താരമാകുമോ അതല്ല ഹാരിസ് കോട്ട കാക്കുമോ എന്നതാണ് ചോദ്യം.

വാര്‍ഡ് 12,15,16 എന്നിവിടങ്ങളിലാണ് 19ന് പുറമേ കനത്ത മത്സരം നടന്നത്. കാപ്പാട്, കണ്ണങ്കടവ് മേഖലകളിലെ പരമ്പരാഗത കോട്ട യുഡിഎഫിനെത്തന്നെ ഇത്തവണയും തുണയ്ക്കും. എന്നാല്‍ ചേമഞ്ചേരി റെയില്‍വേസ്റ്റേഷന്‍ മുതല്‍ കാഞ്ഞിലശ്ശേരി, തുവ്വക്കോട്, കൊളക്കാട്, കാട്ടിലപ്പീടിക, തിരുവങ്ങൂര്‍ തുടങ്ങിയ മേഖലകളില്‍ ഇടത്പക്ഷം നേട്ടം കൊയ്യും. വാര്‍ഡ് ഒന്ന് മുതല്‍ 11 വരെയും പതിന്നാലാം വാര്‍ഡും ഇടതുപക്ഷം നേടും. 13, 17, 18, 20 എന്നീ വാര്‍ഡുകളില്‍ യുഡിഎഫും വിജയക്കൊടി നാട്ടും.

ഈ കണക്ക് വെച്ച് വിലയിരുത്തുമ്പോള്‍ ഇടതുപക്ഷത്തിന് 12 മുതല്‍ 16 വരെയും യുഡിഎഫിന് നാല് മുതല്‍ എട്ട് വരെയും സീറ്റ് ചേമഞ്ചേരി പഞ്ചായത്തില്‍ ലഭിക്കും. എന്‍ഡിഎ വോട്ട് നിലയില്‍ നേരിയ വര്‍ദ്ധനവ് വരുത്തുമെങ്കിലും ഒരിടത്തും ജയിക്കില്ല.

സോഷ്യലിസ്റ്റ് പാർട്ടികളുടെ സാന്നിധ്യം ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിന് കൂടുതൽ ശക്തി പകരും. രണ്ട്, നാല്, അഞ്ച്, ഒന്‍പത് വാര്‍ഡുകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ സോഷ്യലിസ്റ്റ് വോട്ടുകള്‍ ഇടതു മുന്നണിയ്ക്ക് ഗുണകരമാകും. കഴിഞ്ഞ തവണ രണ്ട് മുന്നണികള്‍ക്കും പത്ത് വീതം സീറ്റ് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് ഇടതുപക്ഷത്തിന് അധികാരം ലഭിച്ചത്. പിന്നീട് എൽ ജെ ഡി എത്തിയപ്പോൾ ഇടതുപക്ഷത്തിന് ചേമഞ്ചേരി പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക