ചേമഞ്ചേരിയിൽ പ്രസിഡണ്ടായി സതി കിഴക്കയിലും, വൈസ് പ്രസിഡണ്ടായി കാച്ചിയിൽ അജ്നഫും ചുമതലയേറ്റു


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സതി കിഴക്കയിൽ ചുമതലയേറ്റു. ഇന്ന് കാലത്ത് 10 മണിക്കായിരുന്നു പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. യു.ഡി.എഫിന് വേണ്ടി കോൺഗ്രസ്സിലെ വത്സലയും മത്സര രംഗത്ത് ഉണ്ടായിരുന്നു. ഏഴിനെതിരെ പതിനൊന്ന് വോട്ട് നേടി സതി കിഴക്കയിൽ തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന് വേണ്ടി പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിച്ച വത്സലയുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിന്റെ പിറകിൽ ഒപ്പുവെക്കാതിരുന്നതാണ് കാരണം. ഉണ്ടായിരുന്ന ഒരു ബി.ജെ.പി അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

പ്രസിഡണ്ടായി തിരഞ്ഞെടുക്കപെട്ട സതി കിഴക്കയിൽ ഒന്നാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപെട്ടത്. 2010 ൽ ഇവർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ചുമതല വഹിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സതി കിഴക്കയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

സി.പി.ഐ.എം ചേമഞ്ചേരി ലോക്കൽ കമ്മറ്റി അംഗവും, ജനാധിപത്യ മഹിള അസോസിയേഷൻ കൊയിലാണ്ടി ഏരിയ സെക്രട്ടറിയുമാണ് സതി കിഴക്കയിൽ.

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് അജ്നഫ് തിരഞ്ഞെടുക്കപ്പെട്ടു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ 8 നെതിരെ 11 വോട്ടുകൾ നേടിയാണ് അജ്നഫ് തിരഞ്ഞെടുക്കപെട്ടത്. യു.ഡി.എഫിൽ നിന്ന് മുസ്ലിം ലീഗിലെ ഷെരീഫ് മാസ്റ്ററാണ് മത്സരിച്ചത്. ബി.ജെ.പി. അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

ഡി.വൈ.എഫ്.ഐ വെങ്ങളം മേഖല സെക്രട്ടറിയും, സി.പി.ഐ.എം വെങ്ങളം ഈസ്റ്റ് ബ്രാഞ്ച് അംഗവുമായ അജ്നഫിന് 23 വയസ്സാണ് പ്രായം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക