ജനപ്രതിനിധികളേ, നിയമപാലകരേ,
ഒന്ന് ശ്രദ്ധിക്കൂ.
കൊയിലാണ്ടി കുരുക്കിലാണ്


കൊയിലാണ്ടി: നഗരത്തിലെ ഗതാഗതക്കുരുക്കിൽ ജനം പൊറുതിമുട്ടുകയാണ്. രാവിലെയും വൈകീട്ടുമുള്ള ഗതാഗത സ്തംഭനം മണിക്കൂറുകൾ നീളുന്നത് പലരെയും ദോഷകരമായി ബാധിക്കുന്നു. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ ഗതാഗത തടസ്സം ഇത്രയും രൂക്ഷമായ സ്ഥലം മറ്റൊരിടത്തുമില്ല. ഗതാഗത കുരുക്കില്‍ ആംബുലന്‍സ് ഉള്‍പ്പടെ അത്യാവശ്യമായി കടന്നു പോകേണ്ട വാഹനങ്ങള്‍ പോലും കാത്തു കെട്ടികിടക്കേണ്ട അവസ്ഥയാണ്.

കോവിഡ് കാലത്ത് പൊതു വാഹനങ്ങളിലെ യാത്ര ഒഴിവാക്കി മിക്കവരും സ്വന്തം വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. ഇതു കാരണം കാറുകളും ഇരു ചക്ര വാഹനങ്ങളും റോഡില്‍ അനുദിനം പെരുകുന്നു. മിക്ക വാഹനങ്ങളും വരി തെറ്റിച്ച് ഓടുന്നതും കുരുക്ക് ഇരട്ടിപ്പിക്കുന്നു.

കൊയിലാണ്ടി സ്‌റ്റേറ്റ് ബാങ്ക് മുതല്‍ പഴയ ആര്‍.ടി.ഒ ഓഫീസുവരെ പത്തോളം പോക്കറ്റ് റോഡുകള്‍ നഗരത്തിലുണ്ട്. കൃഷ്ണ തിയ്യേറ്റര്‍,എല്‍.ഐ.സി റോഡ്, ബോയ്‌സ് ഹൈസ്‌ക്കൂള്‍ റോഡ്, പോസ്‌റ്റോഫിസ് റോഡ്, മേല്‍പ്പാലം റോഡ്, ബസ്സ് സ്റ്റാന്റ് റോഡ്, ബപ്പന്‍കാട് ജംഗ്ഷന്‍, മാര്‍ക്കറ്റ് റോഡ്, കൊരയങ്ങാട് റോഡ് എന്നിവിടങ്ങളിലേക്ക് വാഹനങ്ങള്‍ തിരിയുന്നതും, ഈ റോഡുവഴി ദേശീയ പാതയിലേക്ക് വാഹനങ്ങള്‍ കയറുന്നതും വലിയ കുരുക്കിന് കാരണമാകും. അതേ പോലെ ടൗണിന്റെ പടിഞ്ഞാറ് ഭാഗത്തും ഒട്ടനവധി പോക്കറ്റ് റോഡുകള്‍ ഉണ്ട്.

കൊയിലാണ്ടി നഗരത്തില്‍ ദേശീയ പാതയ്ക്ക് സമാന്തരമായി കിടക്കുന്ന ചില ഇട റോഡുകളുണ്ട്. ഈ റോഡുകള്‍ മിക്കതും പരസ്പര ബന്ധമില്ലാതെ മുറിഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാനുളള വീതിയും ഇല്ല. മുമ്പെങ്ങോ ചെയ്ത ടാറിംങ്ങ് പൊട്ടി പൊളിഞ്ഞു കിടക്കുന്നു. ഈ ഇടറോഡുകള്‍ പരസ്പരം ബന്ധിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യാം. കൊയിലാണ്ടി ബോയ്‌സ് ഹൈസ്‌ക്കൂള്‍, റെയില്‍വേ സ്‌റ്റേഷന്‍ റോഡ് വഴി ചെറു വാഹനങ്ങള്‍ കടത്തി വിട്ട്, റെയില്‍വേ മേല്‍പ്പാലത്തിനടിയിലൂടെ ബപ്പന്‍കാട്, മാര്‍ക്കറ്റ് റോഡ് വഴി ദേശീയ പാതയിലെക്കെത്തിക്കാം. ഈ റോഡ് വണ്‍വേയാക്കണം. ടൗണില്‍ പാര്‍ക്കിംങ്ങ് ഏരിയ സ്ഥാപിച്ച് അനധികൃത വാഹന പാര്‍ക്കിംങ്ങ് നിയന്ത്രിക്കുകയും ചെയ്താൽ വലിയ ഗുണമുണ്ടാകും.

ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതു വരെ കൊയിലാണ്ടി നഗരത്തില്‍ പ്രകടനങ്ങളും സ്വീകരണ ഘോഷയാത്രകളും നടത്തുന്നത് ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏകാഭിപ്രായത്തിലെത്തണം എന്ന ആവശ്യം ഉയരുന്നുണ്ട്. ബസ്സ്സ്റ്റാന്റിന് മുന്നില്‍ വൈകുന്നേരങ്ങളില്‍ നടത്തുന്ന പൊതു സമ്മേളനങ്ങളുടെ പേരില്‍ രാവിലെ മുതലെ ബസ്സ് സ്റ്റാന്റ് യാര്‍ഡില്‍ കയര്‍ കെട്ടി വാഹന ഗതാഗതം തടയുന്ന പ്രവണതയും ഒഴിവാക്കണമെന്ന് ജനങ്ങൾക്കിടയിൽ നിന്ന് തന്നെ നിർദ്ദേശം വരുന്നു.

നന്ദി- ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണം പൂർത്തിയാവുന്നതോടെയേ കൊയിലാണ്ടി നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാമാവൂ. ഇതിന് സമാന്തരമായിത്തന്നെ കൊല്ലം മുതല്‍ ഹാര്‍ബര്‍ വരെ തീരദേശ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ അടിയന്തിര നടപടി വേണം. നിലവിൽ ഹാര്‍ബര്‍ മുതല്‍ കാപ്പാട്, വെങ്ങളം വരെയെത്താന്‍ തീര പാതയുണ്ട്.

കൊയിലാണ്ടി നഗരത്തില്‍ ഗതാഗത നിയന്ത്രണത്തിന് രണ്ട് ഗ്രേഡ് എസ്.ഐ മാരടക്കം മൂന്ന് എസ്.ഐമാരും,12 പോലീസുകാരും,18 ഹോം ഗാര്‍ഡുകളുമാണ് ഉളളത്. ഇവരില്‍ ചിലര്‍ക്ക് നൈറ്റ് ഡ്യൂട്ടി വരുമ്പോള്‍ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരുടെ എണ്ണം ഇനിയും കുറയും. ദീര്‍ഘനേരം പൊടി ശല്യത്തിനിടയില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കേണ്ട പോലീസുകാരുടെ സ്ഥിതി പരിതാപകരമാണ്.