തുറയൂരിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു; പദ്ധതി അന്തിമ ഘട്ടത്തിലേക്ക്, ഡിസംബറിൽ ജലവിതരണം തുടങ്ങിയേക്കും


തുറയൂർ : തുറയൂർ ഗ്രാമപ്പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനുള്ള പദ്ധതി അന്തിമ ഘട്ടത്തിലേക്ക്. കൊയിലാണ്ടി നഗരസഭയിലും,തുറയൂർ ഗ്രാമപ്പഞ്ചായത്തിലും കുടിവെള്ളമെത്തിക്കാനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമാണിത്. മൊത്തം 174 കോടി രൂപയാണ് ചെലവ്.

തുറയൂർ കടുവഞ്ചേരി കുന്നിൽ ഏഴര ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന ജലസംഭരണി സ്ഥാപിച്ചിട്ടുണ്ട്. ജല വിതരണത്തിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലി തുടങ്ങിയിട്ടുണ്ട്. ഏതു കാലത്തും ജലക്ഷാമം രൂക്ഷമായ പഞ്ചായത്താണ് തുറയൂർ.

അകലാപ്പുഴയും കുറ്റ്യാടിപ്പുഴയും അതിരിടുന്ന തുറയൂരിന് ഉപ്പുവെള്ളമാണ് തീരാശാപം. പുഴയോരത്തെ കിണറുകളിലെല്ലാം ഉപ്പുവെള്ളമായിരിക്കും. കൂടാതെ കലങ്ങിയ കമ്മൻവെള്ളവും ഉണ്ടാവും. ഉയർന്ന ഭാഗങ്ങളിൽ താമസിക്കുന്ന ഏതാനും കുടുംബങ്ങൾക്ക് മാത്രമേ ശുദ്ധജലം ലഭിക്കുന്നുള്ളു. പഞ്ചായത്തും വിവിധ സന്നദ്ധ സംഘടനകളും വാഹനങ്ങളിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യുകയാണ് പതിവ്. ഇതിന് ഭാരിച്ച തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്.

ഇരിങ്ങത്ത് പോലുള്ള സ്ഥലങ്ങളിൽ പൈപ്പുകൾ സ്ഥാപിക്കാൻ റോഡ് വശങ്ങളിൽ ചാലുകീറുന്ന ജോലി പൂർത്തിയാക്കാനുണ്ട്. പഞ്ചായത്തിലെ 3500 കുടുംബങ്ങൾക്ക് ഈ കുടിവെള്ള പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. 1400 വീടുകളിലേക്ക് കണക്‌ഷൻ പൈപ്പുകൾ സ്ഥാപിച്ചു. ജൂലായ് ഒന്നിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്. ഡിസംബറോടെ കുടിവെള്ള വിതരണം തുടങ്ങാനാണ് നീക്കം-അദ്ദേഹം പറഞ്ഞു.