നടുവണ്ണൂർ പുതിയപ്പുറം വളവിൽ വീണ്ടും അപകടം; ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്


നടുവണ്ണൂർ : സംസ്ഥാനപാതയിൽ കരുവണ്ണൂർ പുതിയപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും കാർ‌ ഡ്രൈവർക്കും പരുക്ക്. ബൈക്ക് യാത്രക്കാരൻ പൂഴിത്തോട് കൈതക്കുളം ജോർജ് തോമസിനെ (30) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് അപകടം. പുതിയപ്പുറം ഭാഗത്ത് അപകടം തുടർക്കഥയാണ്. ഈ ആഴ്ചയു മൂന്നാമത്തെ അപകടമാണിത്. വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് ജീവൻ ഇവിടെ പൊലിയുകയുണ്ടായി.

പുതിയപ്പുറത്ത് നിന്ന് കോട്ടൂർ ഭാഗത്തേയ്ക്ക് റോഡ് ആരംഭിക്കുന്ന സ്ഥലത്തെ അപകട ഭീഷണി ഒഴിവാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനും ത്രിതല പഞ്ചായത്തിനും പരാതി നൽകി മടുത്തിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ തവണയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതിനെ തുടർന്ന് അപകടം ഒഴിവാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയെങ്കിലും ഒന്നും നടന്നിട്ടില്ല.