മണ്‍മറഞ്ഞ ഉരലും ഉലക്കയും തിരികെയത്തിച്ച് പയ്യോളിയിലെ വീട്ടമ്മമാര്‍; സര്‍ഗാലയയില്‍ ഇടിച്ചുരുട്ടിയത് ഒരുലക്ഷത്തിലേറെ അരിയുണ്ട


പയ്യോളി: ഏഴ് ഉരൽ, 14 വനിതകൾ. ഒരുമാസംകൊണ്ട് ഇടിച്ച് ഉണ്ടാക്കിയത് 5000 കിലോ അരിയുണ്ട. അവ ഉരുട്ടി വിറ്റഴിച്ചപ്പോഴുള്ള എണ്ണം ഒരു ലക്ഷത്തിലേറെ. വിനോദസഞ്ചാര കേന്ദ്രങ്ങൾ ചലനമറ്റ് കിടക്കുമ്പോഴാണ് സർഗാലയ കരകൗശലഗ്രാമത്തിലെ വളയിട്ട കൈകൾ ഉരലിലും ഉലക്കയിലും മല്ലിട്ടത്. ഒരുദിവസം 200 കിലോവരെ ഉണ്ടയിടിക്കും. ഒരുകിലോയിൽനിന്ന് 50 ഗ്രാം വീതമുള്ള 20 ഉണ്ടയുണ്ടാവും.

ഉരലും ഉലക്കയും കാഴ്ചവസ്തുവായ കാലത്ത് സർഗാലയ ഏഴ് ഉരലാണ് നിർമിച്ചത്. ഇതിനായി കുറ്റ്യാടിനിന്ന് ഉരൽ ഉണ്ടാക്കുന്ന ആലം മരം എത്തിച്ചു. ഉരൽ ഉണ്ടാക്കണമെങ്കിൽ മരത്തിന് നാലടി വണ്ണമെങ്കിലും വേണം. അതിൽ ഒമ്പത് ഇഞ്ച് ആഴമുണ്ടാക്കിയാൽ ഉരലായി. ഒരു ഉരലിൽ രണ്ടുപേരായി 14 സ്ത്രീകൾ ഉണ്ടയിടിക്കാൻ മാത്രമായുണ്ട്. മറ്റ് പണികൾക്കും വിറ്റഴിക്കാനുമായി 26 പേർ.

തികച്ചും പരമ്പരാഗതരീതി അവലംബിച്ചതാണ് സർഗാലയ അരിയുണ്ടയുടെ വിജയരഹസ്യം. ഉണ്ടയ്ക്കുള്ള അരി വറുക്കുന്നതാണ് പ്രധാനം. കൃത്യമായി പൊരിയണം. കുറ്റ്യാടിത്തേങ്ങയാണ് ഉപയോഗിക്കുന്നത്. ആണിവെല്ലം ഒഴിവാക്കി ഉണ്ടശ്ശർക്കര ഫാക്ടറിയിൽനിന്ന് നേരിട്ട് എടുക്കുകയാണ്.

അതിന്റെകൂടെ സുഗന്ധദ്രവ്യങ്ങളും ചേർത്ത് എല്ലാംകൂടി ഉരലിലിട്ട് ഇടിക്കുമ്പോൾ അവ മറിഞ്ഞ് മറിഞ്ഞ് വരും. ആ കൂടിച്ചേരലാണ് ഉരലിൽ ഉണ്ടാക്കുന്ന ഉണ്ടയെ സ്വാദിഷ്ഠമാക്കുന്നത്. നിർമാണത്തിന്റെ ഓരോഘട്ടത്തിലും ഗുണമേന്മ ഉറപ്പുവരുത്തുന്ന പരിശോധനയും നടത്തുന്നു.

ഇതിനകം കൊയിലാണ്ടി, വടകര താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും സർഗാലയ ഉണ്ടയെത്തി. സ്വകാര്യ സ്ഥാപനങ്ങളിലും ഇവ വിൽപ്പനയ്ക്കുണ്ട്. യന്ത്രസജ്ജീകരണത്തിലൂടെ ചെയ്താൽ ഉണ്ട കുറഞ്ഞവിലയ്ക്ക് കൊടുക്കാൻ കഴിയും. പക്ഷേ, ഇത്രയും സ്വീകാര്യത ഉണ്ടയ്ക്ക് അപ്പോൾ ലഭിക്കില്ലെന്ന് സർഗാലയ സി.ഇ.ഒ. പി.പി. ഭാസ്കരൻ പറഞ്ഞു.

ലാഭത്തിന് വേണ്ടിയുമല്ല ഉണ്ട വിൽപ്പന. തൊഴിലാളികൾക്ക് ജോലിയും വരുമാനവുമുണ്ടാക്കാനാണ്-അദ്ദേഹം പറഞ്ഞു. ഉണ്ട കൂടാതെ ബദാംലേഹ്യം, കർക്കടകപ്പൊടി, കർക്കടകക്കിറ്റ്, പേറ്റ് മരുന്ന് എന്നിവയും സർഗാലയ നിർമിക്കുന്നു.