പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് നാളെ കൊടിയേറും


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. ഏപ്രിൽ 6 ന് രാത്രി 11.25 നും 11.50നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ വാളകം കൂട്ടുന്നതോടെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തിന് പരിസമാപ്തിയാവും. നാളെ കാലത്ത് 6.30ന് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ചടങ്ങിന് ശേഷമാണ് കൊടിയേറ്റം നടക്കുക.

തുടർന്ന് രാവിലത്തെ പൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് കൊണ്ടാട്ടുംപടി ക്ഷേത്രത്തിൽ നിന്നുള്ള അവകാശ വരവ് ക്ഷേത്രനടയിൽ എത്തുന്നു. തുടർന്ന് കുന്നോറമല, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വരവുകൾ ക്ഷേത്രത്തിലെത്തും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ചടങ്ങുകൾ മാത്രമായാണ് ഈ വർഷത്തെ ഉത്സവം നടക്കുക. ചെറിയവിളക്ക്, വലിയവിളക്ക്, കാളിയാട്ടം എന്നീ ദിവസങ്ങളിൽ മൂന്ന് ആനകളും മറ്റ് ദിവസങ്ങളിൽ ഒര് ആനയും മാത്രമേ എഴുന്നള്ളത്തിന് ഉണ്ടാവൂ.

അന്നദാനം, വെടിക്കെട്ട്, കലാപരിപാടികൾ എന്നിവ ഈ വർഷം പൂർണ്ണമായും ഒഴിവാക്കും. വരവുകളിൽ അംഗങ്ങളുടെ എണ്ണം മുപ്പതുപേരായി പരിമിതപ്പെടുത്തി ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണം എന്ന് വരവുകാരെ അറിയിച്ചിട്ടുണ്ട്. ഭക്തജനങ്ങളും നാട്ടുകാരും സഹകരിക്കണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.